തിരുവനന്തപുരം: അതിവേഗം വികസിക്കുന്ന കേരളത്തെ 2030 -ഓടെ ഒറ്റ നഗരമായി മാറ്റാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നഗര നയ കമ്മിഷനെ നിയമിച്ചു. ഇന്നലെ കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ കമ്മിഷൻ രൂപീകരണം പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ഇതിനായി രൂപീകരിക്കുന്ന ആദ്യ കമ്മിഷനാണിത്.

പതിമ്മൂന്നംഗ കമ്മിഷന്റെ അദ്ധ്യക്ഷൻ

യു.കെ യിലെ ബെൽഫാസ്റ്റ് ക്വീൻസ് യൂണിവേഴ്സിറ്റിയിൽ സീനിയർ അസോസിയേറ്റ് പ്രൊഫസർ ഡോ.എം.സതീഷ് കുമാറാണ്. മുൻകരുതലുകളും വികസന സമീപനങ്ങളുമടക്കം തയ്യാറാക്കി ഒരു വർഷത്തിനുള്ളിൽ നൽകണം. 25വർഷത്തേക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും തയ്യാറാക്കണം.കേന്ദ്ര കരട് നഗര നയത്തിന്റെ ചട്ടക്കൂട്ടിൽ നിന്നായിരിക്കും നയം രൂപീകരിക്കുക. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിലെ നിർദ്ദേശമാണിത്.

കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മിഷൻ സെക്രട്ടേറിയറ്റ്.

റീ ബിൽഡ് കേരള, ജർമ്മൻ വികസന ബാങ്കായ കെ.എഫ് ഡബ്ളിയുവുമായി ബന്ധപ്പെട്ട പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത് പദ്ധതി എന്നിവയിലെ ഗ്രാൻഡ് കമ്മിഷൻ പ്രവർത്തനത്തിന് ഉപയോഗിക്കും.

കമ്മിഷൻ ഉപാദ്ധ്യക്ഷൻമാർ: കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ, അഹമ്മദാബാദ് സെപ്റ്റ് മുൻ അദ്ധ്യാപകനും നഗരാസൂത്രണ വിദഗ്ദ്ധനുമായ ഡോ.ഇ.നാരായണൻ, മെമ്പർ സെക്രട്ടറി:തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി,
അംഗങ്ങൾ: ജെ.എൻ.യുവിലെ പ്രൊഫസർ.ഡോ.ജാനകി നായർ,മുനിസിപ്പൽ ചെയർമാൻസ് ചേംബർ അദ്ധ്യക്ഷൻ എം.കൃഷ്ണദാസ്,മുംബയ് അന്താരാഷ്ട്ര ജനസംഖ്യാ പഠന ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ ഡയറക്ടർ പ്രൊഫ.കെ.എസ്.ജെയിംസ്,ഹഡ്കോ മുൻ സി.എം.ഡി.വി.സുരേഷ്,ദേശീയ നഗരകാര്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻഡയറക്ടർ ഡോ.ഹിതേഷ് വൈദ്യ,ഡൽഹി സ്കൂൾ ഒഫ് പ്ളാനിംഗ് ആൻഡ് ആർക്കിടെക്ചർ ഡീൻ ഡോ.അശോക് കുമാർ,ഐ.ഐ.എസ്.ടി.മുൻ രജിസ്ട്രാർ ഡോ.വൈ.വി.എൻ.കൃഷ്ണമൂർത്തി,പരിസ്ഥിതി വിദഗ്ദ്ധൻ പ്രൊഫ.കെ.ടി.രവീന്ദ്രൻ,നഗരകാര്യവിദഗ്ദ്ധൻ തെക്കിന്ദർസിംഗ് പൻവർ