cabinet

തിരുവനന്തപുരം: സൂക്ഷ്മാണു പഠനത്തിന് "സെന്റർ ഒഫ് എക്സലൻസ് ഇൻ മൈക്രോബയോം" എന്ന സ്ഥാപനം രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നൽകി. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലാണ് ഈ ഗവേഷണസ്ഥാപനം വരുക. നവകേരളയാത്രയ്ക്കിടെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ കൊല്ലത്താണ് മന്ത്രിസഭ ചേർന്നത്. കെ ഡിസ്‌ക്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജി എന്നിവയാണ് ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കുക. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മൈക്രോ ബയോം സെന്റർ സ്ഥാപിക്കാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. 2022-23 ലെ ബഡ്‌ജറ്റിൽ സർക്കാർ പ്രഖ്യാപിച്ചതാണിത്.

ഒരേ പരിതസ്ഥിതിയിൽ ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സൂക്ഷ്മാണുക്കളായ ഫംഗസ്,ബാക്ടീരിയ, വൈറസ് എന്നിവയുടെ വ്യവസ്ഥയെക്കുറിച്ചുള്ള പഠനമാണ് ഇവിടെ നടക്കുക.

കേരള ഡെവലപ്‌മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് വിശദപദ്ധതിരേഖ തയ്യാറാക്കിയത്.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽനിന്ന് വിരമിച്ച ഡോ.സാബു തോമസിനെ ആദ്യഡയറക്ടറായി മൂന്നുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പിന്തുണയും പങ്കാളിത്തവും ഇതിനുണ്ടാകും. പ്രാരംഭ ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള ലബോറട്ടറി കഴക്കൂട്ടം കിൻഫ്ര പാർക്കിലുള്ള കെട്ടിടത്തിൽ തുടങ്ങും. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ പുതിയ കെട്ടിടം നിർമ്മിച്ചുകഴിഞ്ഞാൽ പ്രവർത്തനം അവിടേക്ക് മാറ്റും.കമ്പനിയായി രജിസ്റ്റർചെയ്യുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിക്കുന്നതിന് കേരളസംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തി.

ഹ്യൂമൻ മൈക്രോബയോം, ആനിമൽ മൈക്രോബയോം, പ്ലാന്റ് മൈക്രോബയോം, അക്വാട്ടിക് മൈക്രോബയോം,എൻവയോൺമെന്റൽ മൈക്രോബയോം, ഡേറ്റാലാബുകൾ എന്നിങ്ങനെ ആറ് മേഖലകളിലാണ് ഗവേഷണം നടത്തുക