തിരുവനന്തപുരം:സ്ത്രീകളുടെ നാടക സംഘടനയായ നിരീക്ഷയുടെ ദേശീയ നാടകോത്സവം 27,​ 28,​ 29 തീയതികളിൽ വൈകിട്ട് 6ന് തൈക്കാട് ഭാരത് ഭവനിലും സ്വാതി തിരുനാൾ സംഗീത കോളേജിലുമായി നടക്കും. 27ന് രാവിലെ 9.30ന് നാടകോത്സവത്തിന്റെ ഫ്ളാഗ് ഓഫ്. ശേഷം പാളയം മാർക്കറ്റ് പരിസരത്തുവച്ച് വലിയതുറയിലെ മത്സ്യവിപണന രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന 'ഇത് എങ്കളെ കടല്' എന്ന തെരുവ് നാടകം അരങ്ങേറും. ആദ്യ ദിവസം ദെബിന രക്ഷിത് സംവിധാനം ചെയ്ത ദ കേജ് എന്ന ഹിന്ദി നാടകം അരങ്ങേറും. ഡോ. സവിതാ റാണി സംവിധാനം ചെയ്ത നോഷൻസ് എന്ന സോളോ പെർഫോമൻസും അന്നുണ്ടാകും. രണ്ടാം ദിവസം ബേൺ ഔട്ട് എന്ന അസാം ഭാഷയിലെ നാടകം അരങ്ങിലെത്തും. ബർണാളിമേഥിയാണ് സംവിധായിക. ജ്യോതിദോഗ്ര സംവിധാനം ചെയ്ത മാംസ്, അന്തരിച്ച ത്രിപുരാരി ശർമ്മ സംവിധാനം ചെയ്ത രൂപ് അരൂപ്, അഷിത സംവിധാനം ചെയ്ത ദ എഡ്ജ്, രേഷ്മ രാജന്റെ സോളോ പെർഫോമൻസ് വയലറ്റ് വിൻഡോസ്, നിരീക്ഷയുടെ തന്നെ ബിയോണ്ട് ദ ഷാഡോസ്, കുടുംബശ്രീ നാടകവിഭാഗമായ രംഗശ്രീ കമ്മ്യൂണിറ്റി തിയേറ്ററിന്റെ മായ്ക്കപ്പെടുന്നവർ, ആശ വർക്കർമാരുടെ പെൺപെരുമ എന്നീ നാടകങ്ങളും അരങ്ങിലെത്തും. നാടകങ്ങൾ ഭാരത് ഭവനിലും സെമിനാറുകൾ, വർക്ക്‌ഷോപ്പ്, ശില്പശാല തുടങ്ങിയവ സ്വാതി തിരുനാൾ മ്യൂസിക്‌കോളേജിലും പരിസരത്തുമായി നടക്കും.