ആലപ്പുഴ: അമ്പലപ്പുഴയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ എം.എൽ.എയുടെ പി.എ ഉൾപ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെക്കൂടി പ്രതിചേർത്തു. ഇതോടെ കേസിലെ പ്രതികൾ മൂന്നായി. സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അംഗവും എം.എൽ.എയുമായ
എച്ച്.സലാമിന്റെ പി.എയും ഡി.വൈ.എഫ്.ഐ ജില്ല ജോയിന്റ് സെക്രട്ടറിയുമായ അജ്മൽ ഹസൻ, പുറക്കാട് മേഖലാസെക്രട്ടറി അജുവദ് എന്നിവരെയാണ് പുതുതായി പ്രതി ചേർത്തത്. സംഭവത്തിൽ അറസ്റ്റിലായ സി.പി.എം അമ്പലപ്പുഴ ഏരിയാകമ്മിറ്റി അംഗം പ്രശാന്ത് എസ്.കുട്ടി റിമാൻഡിലാണ്. ഇയാളെ മൂന്ന് മാസത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. കേസിന്റെ അന്വേഷണ ചുമതല അമ്പലപ്പുഴ പൊലീസിൽ നിന്ന് ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഓഫീസർ എം.കെ. രാജേഷിനും കൈമാറി. പ്രതിക്കെതിരെ അമ്പലപ്പുഴ നിസാര വകുപ്പ് ചുമത്തി കേസെടുക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പൊലീസിന്റെ എതിർപ്പിനെത്തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു.
ഡിസംബർ 3ന് രാത്രി പായൽകുളങ്ങരയിലായിരുന്നു സംഭവം. പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ്. വണ്ടാനത്തുവച്ച് പ്രശാന്ത് എസ്.കുട്ടി ഓടിച്ചിരുന്ന കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ബസ് ഡ്രൈവർ പ്രദീപ്കുമാറുമായി തർക്കമായി. തുടർന്ന് കാർ കുറുകെയിട്ട് ബസ് തടഞ്ഞു. പ്രശാന്ത് വിളിച്ചുപറഞ്ഞത് അനുസരിച്ച് അജ്മൽ ഹസനും പാർട്ടി പ്രവർത്തകരുമെത്തി ഡ്രൈവർ പ്രദീപ്കുമാറിനെ ബസിൽ നിന്ന് വലിച്ചിറങ്ങി മർദ്ദിച്ചു. തടസം പിടിക്കാനെത്തിയ കണ്ടക്ടർ എസ്.അരുണിനെയും ആക്രമിച്ചു. മുഖത്ത് പരിക്കേറ്റ പ്രശാന്ത് എസ്.കുട്ടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ ജോസഫിനെയും കൈയേറ്റം ചെയ്തു. കെ.എസ്.എസ്.ആർ.ടി.സി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിനും
പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനുമാണ് പ്രശാന്ത് എസ്.കുട്ടിക്കും അജ്മൽ ഹസനുമെതിരെ കേസ്സെടുത്തിട്ടുള്ളത്.