
ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 13 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ ചാലക്കുടി സ്വദേശി താമരപ്പറമ്പിൽ റിച്ചി ആന്റണി (24) 14 വർഷം തടവിനും 55,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് സി.ആർ. രവിചന്ദർ വിധി പ്രസ്താവിച്ചു.
2017മുതൽ 2019 ഒക്ടോബർ വരെയുള്ള കാലയളവിൽ പലപ്പോഴായി ലൈംഗികാതിക്രമം ഉണ്ടായത് ആരോപിച്ച് ചാലക്കുടി പൊലീസ് ചാർജ് ചെയ്ത കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 11 സാക്ഷികളെയും 18 രേഖകളും ഹാജരാക്കിയിരുന്നു. ചാലക്കുടി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ബി.കെ. അരുൺ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
ഡിവൈ.എസ്.പിയായിരുന്ന സി.ആർ. സന്തോഷ് ആണ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.ആർ. രജനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പിഴസംഖ്യ ഈടാക്കിയാൽ അത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.