ചാലക്കുടി: ആൾമാറാട്ടത്തിലൂടെ വായ്പാത്തട്ടിപ്പ് നടത്തിയ പരിയാരം മേഖല വനിതാ സഹകരണ സംഘം മുൻ ഡയറക്ടർക്കെതിരെ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങി യുവതി. താൻ ഉൾപ്പെടെ 18 വനിതകളുടെ പേരിൽ സംഘം മുൻ ഡയറക്ടർ വായ്പ എടുത്തിട്ടുണ്ടെന്ന് പരാതിക്കാരിയായ പിങ്കി ഷാബു പറയുന്നു. ജെ.എൽ.ജി ഗ്രൂപ്പ് രൂപീകരിക്കുന്നതിനായി വാങ്ങിയ ആധാർ കാർഡിന്റെ പകർപ്പ് ഉപയോഗിച്ചാണ് ഓരോ പേരിലും രണ്ടു ലക്ഷത്തോളം രൂപ വായ്പയെടുത്തതത്രെ.
വ്യാജ ഒപ്പും ഉപയോഗിച്ചിച്ചിട്ടുണ്ട്. കൂടുതൽ വനിതകളുടെപേരിൽ തട്ടിപ്പ് നടന്നിട്ടുള്ളതാണ് അറിയുന്നത്. വർഷങ്ങൾക്കു മുമ്പ് എടുത്ത വായ്പയുടെ കുടിശ്ശിക അടയ്ക്കുന്നതിന് ആർക്കും നോട്ടീസ് പോലും ലഭിച്ചിട്ടില്ല. ഇതിന്റെ പിന്നിൽ ബാങ്കിന്റെ പ്രസിഡന്റും സെക്രട്ടറിയും ഒത്തുകളി നടത്തിയിട്ടുണ്ടെന്നും പിങ്കി ഷാബു വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ചാലക്കുടിയിലെ സഹകരണ വകുപ്പ് ഓഫീസിൽ നിന്നും കുടിശ്ശിക സംബന്ധിച്ച് വിശദീകരണത്തിന് കത്ത് വന്നപ്പോഴാണ് വായ്പ എടുത്തിട്ടുണ്ടെന്ന് അറിഞ്ഞതെന്ന് തട്ടിപ്പിനിരയായ യുവതി പറഞ്ഞു. ഹിയറിംഗിൽ പങ്കെടുക്കരുതെന്നും വായ്പാസംഖ്യ ഉടൻ അടച്ചുതീർക്കാമെന്നും മുൻ ഡയറക്ടർ തങ്ങളോട് പറഞ്ഞിരുന്നു. നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനാലാണ് കളക്ടറെ സമീപിക്കുന്നത്. സഹകരണ വകുപ്പിന്റെ വിജിലൻസ് വിഭാഗത്തിനും പരാതി നൽകുമെന്നും പിങ്കി പറഞ്ഞു.