mardhichu-

താനൂർ: ഭാര്യയെയും അവരുടെ മാതാപിതാക്കളെയും ഇരുമ്പുവടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് താനൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. താനൂർ കെ പുരം മൂലക്കൽ പൊന്നാട്ടിൽ പ്രദീപാണ് (38 ) അറസ്റ്റിലായത്. ഭാര്യ രേഷ്മ(30),​ ഭാര്യയുടെ മാതാപിതാക്കളായ വേണു ( 55),​ ജയ (50) എന്നിവരെയാണ് ആക്രമിച്ചത്. തലയിലും ശരീരത്തും മാരകമായ പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറെക്കാലമായി പ്രദീപും രേഷ്മയും ഒരുമിച്ചല്ല കഴിയുന്നത്. ഇതിലുള്ള വിരോധം കൊണ്ടാണ് പ്രതി ഇവരെ ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ടു ഏഴോടെയായിരുന്നു സംഭവം. കെ പുരം ചേന്ദന്‍കുളങ്ങരയിൽ വച്ച് രേഷ്മയേയും വേണുവിനേയുമാണ് ആദ്യം ആക്രമിച്ചത്. തുടർന്ന് പണ്ടാരവളപ്പിലുള്ള രേഷ്മയുടെ വീട്ടിലെത്തി ജയയെയും ആക്രമിച്ചു. മകളെയും ആക്രമിച്ചെങ്കിലും കുട്ടിക്ക് പരിക്കില്ല. രേഷ്മയും പിതാവും ചോരയൊലിച്ച് വഴിയിൽ കിടക്കുന്നത് കണ്ട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വിവരം വീട്ടിലറിയിക്കാനെത്തിയപ്പോഴാണ് ജയ രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. മൂവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകളെ തനിക്കൊപ്പം പറഞ്ഞയക്കാത്തതിലുമുള്ള വിരോധത്തിലാണ് ഭാര്യയുടെ മാതാപിതാക്കളെയും ആക്രമിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.