
ബാലരാമപുരം: പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെ കല്ലിയൂരിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടയാനെത്തിയത് നേരിയ തോതിൽ സംഘർഷത്തിനിടയാക്കി. അനിലിന്റെ വീടിന് മുന്നിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു.
ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്‌പരം മുദ്രാവാക്യം മുഴക്കിയതും പൊലീസിനെ വലച്ചു. ഒടുവിൽ മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വെള്ളായണി സമ്പത്ത്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.സതികുമാരി,മുകളൂർമൂല അനിൽ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ പങ്കെടുത്ത മാർച്ചിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഹിസാൻ ഹുസൈൻ,അഫ്സൽ ബാലരാമപുരം,കോവളം സുജിത്ത്,വിഷ്ണു നാരായണൻ,ഷീല,കോട്ടുകാൽ ശരത്,നന്ദു പയറ്റുവിള,ധനുഷ് സുബോധൻ,ശ്രീരാശ്,ജയൻ തുടങ്ങിയവർ സംസാരിച്ചു.