ശംഖുംമുഖം: കാരിയർമാരെ ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി കുറഞ്ഞ അളവിലുള്ള സ്വർണക്കടത്ത് വർദ്ധിച്ചിട്ടും തടയാനാകാതെ കസ്റ്റംസ്. ഒരു കോടിയുടെ മൂല്യമുള്ള സ്വർണം കടത്തിയാൽ മാത്രമേ കള്ളക്കടത്ത് തടയൽ ( കോഫെപോസ) നിയമപ്രകാരം കസ്റ്റംസിന് കരുതൽ തടങ്കലിൽ അകത്താക്കാൻ കഴിയൂ.
ഇതിന് താഴെയുള്ള അളവിലാണ് സ്വർണം കടത്തിക്കൊണ്ട് വരുന്നതെങ്കിൽ പ്രതികളെ പിടികൂടിയാലും ജാമ്യം നേടി പുറത്തിറങ്ങുന്നതിനൊപ്പം നികുതി അടച്ച് സ്വർണവും പുറത്തേക്ക് കൊണ്ടുവരാം. നികുതി അടച്ച് പുറത്തെടുത്താൽ കൂടുതൽ നഷ്ടം വരുന്നില്ലെന്ന കണക്കുകൂട്ടലിലാണ് കള്ളക്കടത്ത് സംഘങ്ങൾ ഇത്തരം രീതിയിലുള്ള പരീക്ഷണം തുടരുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ കുറഞ്ഞ അളവിൽ സ്വർണം കടത്താൻ ശ്രമിച്ച 50ലധികം യാത്രക്കാരെയാണ് എയർകസ്റ്റംസ് പിടികൂടിയത്.
ജീവനക്കാർക്കും
പങ്കെന്ന് സൂചന
തിങ്കളാഴ്‌ച ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ 70 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണം സീറ്റിനടിയിൽ മിശ്രിത രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. ഇതിന് വിമാനത്താവളത്തിലെ ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് കസ്റ്റംസിന് വിവരം കിട്ടിയത്.