
തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 1039.876 ഹെക്ടർ (2570 ഏക്കർ) ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാർ ഉത്തരവായി. സാമൂഹ്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തി വിദഗ്ദ്ധ സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
വ്യക്തമായ നിരീക്ഷണത്തോടെയുള്ള പുനരധിവാസം ജനങ്ങൾക്ക് ലഭ്യമാക്കുന്ന സമഗ്രമായ പാക്കേജ് സർക്കാർ തയ്യാറാക്കണമെന്ന് ശുപാർശയിൽ വ്യക്തമാക്കുന്നു. നിർദ്ദിഷ്ട ഭൂമിയിൽ നെൽവയൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ടിലെയും ബന്ധപ്പെട്ട ചട്ടങ്ങളിലെയും നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ പരിവർത്തനം ചെയ്യാവൂ എന്നാണ് വ്യവസ്ഥ.
വിമാനത്താവള പദ്ധതിയുടെ സാമൂഹിക നേട്ടങ്ങളും സാമൂഹികാഘാതങ്ങളും കമ്മിറ്റി വിശദമായി വിലയിരുത്തി. പദ്ധതി പ്രദേശത്തെ ജനങ്ങളുമായി ചർച്ചകൾ നടത്തുകയും പരാതികളും നിവേദനങ്ങളും പരിശോധിക്കുകയും ചെയ്തു. കൂടുതൽ ജനങ്ങൾ വിമാനത്താവള പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി ബോദ്ധ്യപ്പെട്ടെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ നഷ്ടപരിഹാരം, സമയബന്ധിതമായ പുനരധിവാസം എന്നിവ പ്രതീക്ഷിച്ചാണ് ഭൂരിഭാഗം ജനങ്ങളും പദ്ധതിയോട് യോജിപ്പ് രേഖപ്പെടുത്തിയത്.
വിമാനത്താവളത്തിന് അനുയോജ്യമാണ് പദ്ധതി പ്രദേശമെന്ന കേന്ദ്ര സർക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണവും സമിതി അംഗീകരിച്ചു.