
നെടുമങ്ങാട്: നവകേരള സദസിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 4മുതൽ നെടുമങ്ങാട് നഗരപരിധിയിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇരുചക്ര വാഹനങ്ങൾ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, ബോയ്സ് യു.പി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും, മിനി ബസുകൾ വരെയുള്ള നാലുചക്രവാഹനങ്ങൾ കല്ലിംഗൽ ഗ്രൗണ്ടിലും, വലിയ വാഹനങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിലും പാർക്ക് ചെയ്യണം.
നഗരമദ്ധ്യത്തിലും ജില്ലാആശുപത്രി റോഡ്, ഗേൾസ് സ്കൂൾ റോഡ്, മറ്റ് ഇടറോഡുകൾ എന്നിവിടങ്ങളിലും പാർക്കിംഗ് കർശനമായി നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരം ഭാഗത്ത് നിന്നുവരുന്നതും ആര്യനാട്, വെള്ളനാട് ഭാഗത്തേക്ക് പോകേണ്ടതുമായ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ ആശുപത്രി ജംഗ്ഷൻ -ചന്തമുക്ക് - കുളവിക്കോണം വഴി പോകണം. നെടുമങ്ങാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് വിതുര,പാലോട്, പുത്തൻ പാലം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ സൂര്യ റോഡ് - കുളവിക്കോണം - കുട്ടികളുടെ കൊട്ടാരം വഴി പഴകുറ്റിയിലെത്തി മെയിൻ റോഡിൽ പ്രവേശിക്കണം. ഗേൾസ് സ്‌കൂളിനു സമീപത്തെ നഗരസഭ പാർക്കിംഗ് യാർഡിൽ ഒരുക്കിയ പ്രധാന വേദിയിലാണ് മുഖ്യമന്ത്രിയും 20 മന്ത്രിമാരും എത്തുന്നത്. പരാതികളും അപേക്ഷകളും ഉച്ചയ്ക്ക് 2മുതൽ സ്വീകരിക്കും. ഇതിനായി 15 കൗണ്ടറുകൾ പ്രധാന വേദിയോടു ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. 20000 ചതുരശ്രയടി വിസ്തീർണത്തിൽ തയ്യാറാക്കിയ കൂറ്റൻ പന്തൽ നിർമ്മാണം അന്തിമഘട്ടത്തിലാണ്. പൊലീസിന്റെയും മറ്റു ഏജൻസികളുടെയും സുരക്ഷാ പരിശോധനയും പൂർത്തിയായി.