
തിരുവനന്തപുരം: നാരായണ ഗുരുവിന്റെ ചിന്താ സരണിയെ പിൻപറ്റുന്ന നാരായണ ഗുരുകുലം ജിജ്ഞാസുക്കൾക്കുള്ള അഭയ കേന്ദ്രമാണെന്നും, അത് നിലനിൽക്കുന്നത് പരസ്യ പ്രചാരണങ്ങളുടെ ലോകത്തല്ലെന്നും നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് പറഞ്ഞു.
എന്താണ് പ്രവൃത്തിയെന്നും എന്താണ് നിവൃത്തിയെന്നും തിരിച്ചറിയുന്നിടത്താണ് മനുഷ്യന്റെ വിജയം. കർമ്മത്തിൽ അകർമ്മത്തെയും അകർമ്മത്തിൽ കർമ്മത്തെയും കണ്ടെത്തണം. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച നാരായണ ഗുരുകുലത്തിന്റെ ശതാബ്ദിയും നടരാജ ഗുരുവിന്റെ ദൗത്യവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വിചാരസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറിയുന്നവനും അറിയപ്പെടുന്നതും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്ന അന്വേഷണനിലയാണ് ജ്ഞാനത്തിന്റെ ഉന്നത തലം. പ്രപഞ്ചത്തിന് അതിന്റേതായ സംവിധാന ക്രമമുണ്ട്. അതിനനുസരിച്ചുള്ള സമുദായ സംരചനയ്ക്ക് ശാസ്ത്രീയ അന്വേഷണരീതി വേണം. ആ രീതി കണ്ടെത്തി നാരായണ ഗുരുവിന്റെ ദർശനത്തെയും ഉപനിഷത്ത് ദർശനത്തെയും വ്യാഖ്യാനിക്കുകയാണ് നടരാജഗുരു ചെയ്തതെന്നും മുനി നാരായണ പ്രസാദ് ചൂണ്ടിക്കാട്ടി.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. അന്തർദേശീയ ശ്രീനാരായണ ഗുരു പഠനകേന്ദ്രം മുൻ ഡയറക്ടർ ബി. സുഗീത, സി.ഇ.റ്റി റിട്ട. പ്രൊഫസർ ഡോ.പി.കെ. സാബു എന്നിവർ വിഷയാവതരണം നടത്തി. ഡോ. ജിനേഷ് ശേഖർ, ഡോ. ലക്ഷ്മി വിജയൻ, രഞ്ജിത്ത് തുടങ്ങിയവരും സംസാരിച്ചു.