തിരുവനന്തപുരം: ശിവഗിരിക്കുന്നിന്റെ താഴ്‌വരയിൽ മുഖ്യമന്ത്റിയും മന്ത്റിമാരുമായി നവകേരള ബസ് ഇന്നലെ വൈകിട്ടെത്തിയപ്പോൾ കാത്തുനിന്ന പതിനായിരങ്ങൾ ആർപ്പുവിളിയും കരഘോഷവുമായി വരവേറ്റു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും പഞ്ചവാദ്യവും കഥകളിയുമെല്ലാം ദൃശ്യപ്പൊലിമ ചാർത്തിയ സായാഹ്നമൊരുക്കി വർക്കല നിവാസികൾ മന്ത്രിസഭയെ ജില്ലയിലേക്ക് സ്വീകരിച്ചു.
കൊല്ലം ജില്ലയിലെ ചടയമംഗലത്തു നിന്ന് പര്യടനം പൂർത്തിയാക്കി ഇന്നലെ വൈകിട്ട് 7.10ഓടെയാണ് നവകേരള ബസ് വർക്കലയിലെത്തിച്ചേർന്നത്. ശിവഗിരിമഠം ഓഡിറ്റോറിയമാണ് ജില്ലയിലെ ആദ്യത്തെ നവകേരള സദസിന് വേദിയായത്. വഴിയരികിൽ കാത്തുനിന്ന ജനങ്ങളെയെല്ലാം ബസിന്റെ മുൻ സീറ്റിലിരുന്ന് കൈവീശി അഭിവാദ്യമർപ്പിച്ചാണ് മുഖ്യമന്ത്റി പിണറായി വിജയൻ കടന്നുവന്നത്. ബസ് എത്തിയതോടെ വെടിക്കെട്ടും ദൃശ്യവിസ്‌മയവുമായി വർക്കല ഉത്സവപ്രതീതിയിലായി.
മന്ത്റിസഭയെ സ്വീകരിക്കാൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുമടക്കം സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധിപേരുണ്ടായിരുന്നു. നവകേരള ബസ് കാണാനും തൊട്ടുനോക്കാനുമായി ജനങ്ങൾ തിങ്ങിക്കൂടിയപ്പോൾ അവരെ നിയന്ത്റിക്കാൻ പൊലീസ് ബസിനുചുറ്റും വലയം തീർത്തു. ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. പരിപാടിയിൽ പങ്കെടുക്കാനും പരാതികൾ സമർപ്പിക്കാനും വൈകിട്ട് 3 മുതൽ വർക്കലയിലേക്ക് ജനങ്ങളെത്തിയിരുന്നു.
പരിപാടികൾ നിയന്ത്റിക്കാനും നിർദ്ദേശങ്ങൾ നൽകാനും വി.ജോയി എം.എൽ.എ മുന്നിൽ തന്നെയുണ്ടായിരുന്നു. അഞ്ചോടെ മന്ത്റി റോഷി അഗസ്റ്റിന്റെ പ്രസംഗത്തോടെയാണ് നവകേരള സദസിന്റെ ആദ്യ സെഷന് തുടക്കമായത്. സർക്കാർ നടപ്പാക്കിയ ജനക്ഷേമപ്രവർത്തനങ്ങൾ അക്കമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. തുടർന്ന് മന്ത്റി വി.അബ്ദുറഹ്മാൻ,വി.എൻ.വാസവൻ എന്നിവരും സംസാരിച്ചു. ഇവർ നേരത്തെ വേദിയിലെത്തിയിരുന്നു. മന്ത്രി വാസവൻ പ്രസംഗിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സഞ്ചരിച്ച ബസ് എത്തിയത്.
വേദിയിലേക്ക് നടന്നെത്തിയ മുഖ്യമന്ത്രിയും 17 മന്ത്രിമാരും സദസിനെ നോക്കി അഭിവാദ്യം ചെയ്‌തു. തുടർന്ന് ഓരോരുത്തരെയും ഉപഹാരം നൽകി സ്വീകരിച്ചു. തുടർന്ന് വി.ജോയി എം.എൽ.എയുടെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം മുഖ്യന്ത്രി പിണറായി വിജയൻ സദസിനെ അഭിവാദ്യം ചെയ്‌തു. മുഖ്യമന്ത്രിയുടെ ഓരോ വാക്കുകളും കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ രാത്രി 8.15ഓടെയാണ് ജില്ലയിലെ ആദ്യത്തെ നവകേരള സദസ് അവസാനിച്ചത്. യോഗത്തിന് മുമ്പ് മാജിക് ഷോയും നാടൻപാട്ടുമടക്കം വിവിധ പരിപാടികളും ഉണ്ടായിരുന്നു.