തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് ദൈവം നൽകിയ വരദാനമെന്ന് സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവൻ. വർക്കലയിലെ നവകേരളസദസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡ് മഹാമാരി, പ്രളയം എന്നീ ഏത് പ്രതിസന്ധികളിലും മുഖ്യമന്ത്രി കേരളത്തിനൊപ്പമുണ്ടായിരുന്നു. കേരളത്തിലെ മൂന്നുകോടി ജനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെ തൊടാൻ യൂത്ത് കോൺഗ്രസിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരളയാത്രയുടെ ഉദ്ദേശ്യം ജനങ്ങൾക്ക് പകർന്നുനൽകാൻ കഴിഞ്ഞെന്ന് കായികമന്ത്രി വി.അബ്‌ദുറഹിമാൻ വ്യക്തമാക്കി. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു .ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മന്ത്രിമാർ, തഹസിൽദാർ അജിത് ജോയി, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി തുടങ്ങിയവരും പങ്കെടുത്തു.
മുഖ്യമന്ത്രിക്ക് ചുവപ്പ് ഹാരവും കിരീടവും
നവകേരളസദസിനെത്തിയ മുഖ്യമന്ത്രിയെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ ഗുരുദേവനെ സംബന്ധിക്കുന്ന പുസ്തകങ്ങൾ നൽകിയാണ് സ്വീകരിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എയും പ്രവർത്തകരും അദ്ദേഹത്തിന് വലിയചുവപ്പ് ഹാരവും കിരീടവും സമർപ്പിച്ചു.സദസിനു ശേഷം അക്ഷയ് ബിജുവെന്ന ആറാം ക്ലാസുകാരൻ അക്ഷയ് ബിജു വരച്ച അദ്ദേഹത്തിന്റെ ഛായാചിത്രവും ഏറ്റുവാങ്ങി.മന്ത്രി വി.എൻ.വാസവൻ പ്രസംഗത്തിനിടെ വയലാർ, കടമ്മനിട്ട,കെ.എസ്. ജോർജ്ജ് എന്നിവരുടെ കവിതാശകലങ്ങൾ ചൊല്ലിയതും കൗതുകമായി.