തിരുവനന്തപുരം: അരയ്ക്ക് താഴെ വച്ച് മുറിച്ച രണ്ടുകാലുമായി ലോട്ടറി കച്ചവടം നടത്തുന്ന ഇടവ സ്വദേശി നവീൻ (37) നവകേരളസദസിൽ നിവേദനവുമായി എത്തിയത് ഏറെ പ്രതീക്ഷയോടെയാണ്. ഭാര്യയെയും രണ്ടുമക്കളെയും സംരക്ഷിക്കാൻ എന്തെങ്കിലും ജീവിതമാർഗമുണ്ടാക്കാൻ സർക്കാർ ഇടപെടണമെന്നാണ് നവീനിന്റെ ആവശ്യം.

പത്തുവർഷം മുൻപായിരുന്നു അപകടം.ഓണക്കാലത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവേ റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോൾ ട്രെയിൻ തട്ടി രണ്ടുകാലുകളും അറ്റുപോവുകയായിരുന്നു. ഒരു രാത്രി മുഴുവൻ ആരുടേയും കണ്ണിൽപ്പെടാതെ വേദന കടിച്ചമർത്തി ട്രാക്കിൽ കിടന്ന ആ ദിനങ്ങൾ ഓർക്കുമ്പോൾ നവീന്റെ മുഖത്ത് ഭയം ഇരച്ചുകയറി.
രണ്ടുകാലും നഷ്ടപ്പെട്ടെങ്കിലും പ്രതീക്ഷ കൈവിടാതെ കാൾസെന്ററിലും പിന്നീട് സ്‌കൂട്ടർ വർക്ക് ഷോപ്പിലും ജോലിയെടുത്തു. ഇതിനിടെ 7500 രൂപ മുടക്കി സെക്കൻഡ് ഹാൻഡായി വാങ്ങിയ ട്രൈസ്‌കൂട്ടറിൽ ലോട്ടറി കച്ചവടം ആരംഭിച്ചു. എന്നാൽ ടിക്കറ്റ് വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് നവീൻ.
ലോട്ടറി കച്ചവടത്തിനിടെയാണ് ഇയാളുടെ അവസ്ഥ മനസിലാക്കി ശ്രീജ ജീവിത സഖിയാകുന്നത്.
വി.എച്ച്.എസ്.സി വരെ പഠിച്ച തനിക്ക് എംപ്ലോയ്‌മെന്റ് മുഖേന എന്തെങ്കിലും ജോലി നൽകണമെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ നവീൻ ആവശ്യപ്പെട്ടിരിക്കുന്നത്.