
ആറ്റിങ്ങൽ: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ ആലംകോട് യു.ഡി.എഫ് പ്രതിഷേധം. സംഘർഷത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ 12 ഓളം പേർക്ക് പരിക്ക്. ഇന്നലെ രാത്രി 8.30ഓടെ ആലംകോട് മുസ്ലിം പള്ളിക്ക് മുന്നിലായിരുന്നു സംഭവം. വർക്കലയിലെ നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും ആറ്റിങ്ങലിലേക്ക് വരുമ്പോഴാണ് ആലംകോട് ജംഗ്ഷനിൽ കെ.എസ്.യു,കോൺഗ്രസ്,യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് പ്രതിഷേധിച്ചത്. നൂറോളം പ്രവർത്തകർ ആലംകോട് പള്ളിക്കു സമീപം സംഘടിച്ചാണ് പ്രതിഷേധിച്ചത്. കൊടിയും വടികളുമായി പല ഭാഗത്തായി കാത്തുനിന്ന പ്രവർത്തകരാണ് ബസ് കണ്ടയുടനെ ഒത്തുകൂടി പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടുന്ന ബസെത്തിയതോടെ പ്രതിഷേധക്കാർ റോഡിലേക്ക് ഇറങ്ങി. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വാഹനവ്യൂഹം കടന്നുപോയ ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷവും കൂട്ട അടിയുമായി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിനിടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തി വീശി പ്രവർത്തകരെ ഓടിച്ചു. സംഭവത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ജീപ്പിൽ കയറ്റിയെങ്കിലും മറ്റ് പ്രവർത്തകർ ബലമായി ഇവരെ മോചിപ്പിച്ചു. പരിക്കേറ്റ 2 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.