തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മാർച്ചിനെത്തുടർന്നുണ്ടായ സംഘ‌ർഷത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഇന്നു മുതൽ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് രാവിലെ കെ.എസ്.യു ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്തും. വി.ഡി.സതീശനെതിരെ ജാമ്യമില്ലാ വകുപ്പായതിനാൽ അറസ്റ്റുണ്ടാകും. എന്നാൽ അറസ്റ്റ് ചെയ്താൽ പ്രതിഷേധത്തിന്റെ അതിരുകടന്നേക്കും. അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില തകരുമെന്നും പൊലീസ് വിലയിരുത്തുന്നുണ്ട്.

പ്രതിപക്ഷ നേതാവിനെ പ്രതിയാക്കിയ വിവരം അറിഞ്ഞതുമുതൽ തലസ്ഥാനത്തേക്ക് കോൺഗ്രസ് പ്രവർത്തകർ ഒഴുകിയെത്തി. തലസ്ഥാനത്ത് നിന്നുതന്നെ പ്രതിഷേധം ആരംഭിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരുമെന്നാണ് സൂചന. ഉദ്ഘാടന പ്രസംഗത്തിലെ വരികൾ പോലും കലാപാഹ്വനത്തിനുള്ളതാണെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

വീണ്ടും സുരക്ഷ വർദ്ധിപ്പിക്കും

നവകേരള യാത്രയ്ക്കിടെയുണ്ടാകുന്ന ഡി..വൈ.എഫ്.ഐ യൂത്ത് കോൺഗ്രസ് സംഘർഷങ്ങളുടെയും പ്രതിപക്ഷ നേതാവിനെതിരെ എടുത്ത കേസിന്റെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വർദ്ധിപ്പിക്കണമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. കൂടുതൽ പൊലീസുകാരെ ഇതിനായി നിയോഗിക്കും. തലസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

പരിഹാസവുമായി വി.ഡി.സതീശൻ

തന്നെ പ്രതിയാക്കിയ പൊലീസ് നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഞാൻ പേടിച്ചെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കെന്നാണ് സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്.