
തിരുവനന്തപുരം; സംസ്ഥാനത്തു തൊഴിൽ സാദ്ധ്യതകൾ വർധിപ്പിക്കുന്നതിന് തൊഴിൽ മിഷനെന്ന ആശയം സർക്കാർ ചർച്ച ചെയ്യും.. നവകേരള സദസിന്റെ ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ പൂജ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസിലാണ് ഈ ആശയം ഉയർന്നത്. .
സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ പുരോഗതിയും തൊഴിൽ, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ഇടപെടലുകളും സംബന്ധിച്ച ആശയങ്ങൾ പങ്കുവച്ചു. ഇവ ഓരോന്നിലും വ്യക്തമായ തീരുമാനങ്ങളും നിർദേശങ്ങളുമുണ്ടായി. നാടിന്റെ വികസന സങ്കൽപ്പങ്ങൾ യാഥാർഥ്യമാക്കണമെന്നതിനുള്ള മികച്ച ആശയങ്ങളാണ് പ്രഭാത യോഗങ്ങളിൽ ഉയരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
. ഡയാലിസിസ് ആവശ്യമായ രോഗികൾക്ക് ആശ്വാസ് പദ്ധതി പ്രകാരം പ്രതിമാസം നൽകുന്ന സൗജന്യ ഡയാലിസിസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കും. . ടൂറിസം രംഗത്ത് ആയൂർവേദം, യോഗ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും. സംസ്ഥാനത്ത് പാരാമെഡിക്കൽ മേഖലയിൽ കൂടുതൽ കോഴ്‌സുകൾ ആരംഭിക്കുന്നത് കൂടുതൽ തൊഴിലവസങ്ങൾ സൃഷ്ടിക്കും..സിനിമ മേഖലയിൽ വിനോദ നികുതി ഇളവു ചെയ്യണമെന്ന ആവശ്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങളും സർക്കാരിന്റെ വിവിധ സംവിധാനങ്ങളും ഉത്സവകാലത്ത് വിപണിയിൽ ഇടപെടുന്നതു സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതും വിലക്കയറ്റം തടയുന്നതുമാണ്,.ഇത്തരം വിപണന മേളകൾ വ്യാപാരികളുടെ ബിസിനസിൽ ഇടിവു വരുത്തുന്നുവെന്ന പരാതി അടിസ്ഥാനമില്ലാതാണ്.
. വിദ്വേഷ പ്രചാരണങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. സർക്കാർ സേവനങ്ങളുടെ ഓൺലൈൻ ഉപയോഗം സംബന്ധിച്ച് ബോധവത്കരണം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യവും ഉയർന്നു. ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ മൊഡ്യൂളുകളിൽ ഒന്നായി ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.