കുഴൽനാടൻ ഉൾപ്പെടെ 6 പേർക്ക് പരിക്ക്
പൊലീസിന് നേർക്ക് മുട്ട, മുളകുപൊടിയേറ്
തിരുവനന്തപുരം: നവകേരളയാത്രയ്ക്ക് കരിങ്കൊടി കാട്ടുന്നവരെ പൊലീസ് ക്രൂരമായി മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ ഡി.ജി.പി ഓഫീസ് മാർച്ചിൽ സംഘർഷം. പൊലീസിന് നേരെ മുളകുപൊടിയും മുട്ടയും എറിഞ്ഞു. ലാത്തിച്ചാർജ് നടത്തിയ പൊലീസ് രണ്ടുതവണ ജലപീരങ്കിയും പ്രയോഗിച്ചു. കെ.എസ്.യു സംസ്ഥാന ഭാരവാഹികൾക്കുൾപ്പെടെ അടിയേറ്റു. തടയാനെത്തിയ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും അടിയിൽ പരിക്കേറ്റു. 17 പേരെ അറസ്റ്റ് ചെയ്തു.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ, പ്രവർത്തകരായ അഭിജിത്ത് കുര്യാത്തി, അമൽ എൽദോസ്, ബൈജു കാസ്ട്രോ, മിവ ജോളി, തനുദേവ്, അബ്ദുൽ ഹമീദ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരും കുഴൽനാടനും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ ഉച്ചയ്ക്ക് 1.15ന് കെ.പി.സി.സി ഓഫീസിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. മാനവീയം വീഥിക്ക് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ നവകേരള സദസിന്റെ ഫ്ലക്സുകളും പോസ്റ്ററുകളും തകർത്തു. കറുത്ത ബലൂണുകളും പറത്തി. മാനവീയം വീഥിയിൽ നട്ടിരുന്ന ചെറിയ മരവും നശിപ്പിച്ചു. തുടർന്ന് മാത്യു കുഴൽനാടൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത് ക്വട്ടേഷൻ സംഘമാണെന്ന് കുഴൽനാടൻ പറഞ്ഞു. ഗവർണറെ പോലെ അകമ്പടിയില്ലാതെ വഴിയിലിറങ്ങി നടക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോ? കെ.എസ്.യു പ്രവർത്തകരെ തല്ലിയാൽ സംരക്ഷിക്കാൻ കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്നും പറഞ്ഞു.
കുഴൽനാടൻ മടങ്ങിയതോടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചപ്പോൾ പൊലീസ് സംയമനം പാലിച്ചു. ഇതിനിടെ കല്ലുകളും കമ്പിൽ കെട്ടിയ കൊടികളും പ്രവർത്തകർ വലിച്ചെറിഞ്ഞു. തുടർന്നായിരുന്നു ജലപീരങ്കി പ്രയോഗവും ലാത്തിച്ചാർജും. പ്രവർത്തകരെ ഓടിച്ചിട്ട് തല്ലി. തല്ലരുതേ സാറെ എന്ന് ഉറക്കെ വിളിച്ചവരെയും വെറുതേവിട്ടില്ല. സമരക്കാരെ വലിച്ചിഴച്ച് ബസിൽ കയറ്റി. അര മണിക്കൂറോളം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു. പെൺകുട്ടികളടക്കമുള്ളവർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നെന്ന് ആൻ സെബാസ്റ്റ്യൻ പറഞ്ഞു.