mother-and-child

ചിറയിൻകീഴ്: ഭിന്നശേഷിക്കാരിയായ മകളെ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിലിട്ട് പിന്നാലെ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ പൊലീസിൽ കീഴടങ്ങി.

ചിറയിൻകീഴ് പെരുങ്ങുഴി ചിലമ്പിലാണ് മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തുന്ന സംഭവങ്ങൾ അരങ്ങേറിയത്.

ചിലമ്പിൽ പടുവത്ത് വീട്ടിൽ രാജന്റെ ഭാര്യ മിനി (48) ആണ് ഏക മകൾ അനുഷ്ക(8)യെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഭിന്നശേഷിക്കാരിയായ മകളുടെ അവസ്ഥയ്ക്കു പുറമേ അടുത്തകാലത്ത് ഭർത്താവ് രാജൻ ക്യാൻസർ രോഗബാധിതനായതും ഇത്തരത്തിൽ ഒരു കൃത്യം ചെയ്യാൻ മിനിയെ പ്രേരിപ്പിച്ചെന്നാണ് നിഗമനം. ജീവിതപ്രതിസന്ധികൾമൂലം മിനിയുടെ മനോനില തെറ്റിയോ എന്നുള്ളതും പൊലീസ് പരിശോധിക്കുന്നുണ്ട്.

19 ന് രാവിലെ ഭർത്താവ് രാജൻ ആർ.സി.സിയിൽ ചികിത്സയ്ക്ക് പോയതിനു ശേഷമാണ് സംഭവം. അനുഷ്കയെ കൊലപ്പെടുത്തി കിണറ്റിൽ എറിഞ്ഞശേഷം മിനിയും ചാടുകയായിരുന്നു. താഴ്ച കുറഞ്ഞ കിണറായതിനാൽ മരണമടഞ്ഞില്ല. തുടർന്ന് കിണറ്റിൽ നിന്ന് കയറി ബെഡ്റൂമിൽ ഫാനിൽ കുരുക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആ ശ്രമവും പാളിയതോടെ വീട് പൂട്ടിയിറങ്ങി കൊല്ലത്തെത്തി. തുടർന്ന് ട്രെയിനിനു മുമ്പിൽ ചാടിയും ട്രെയിനിൽ സഞ്ചരിച്ചും ആത്മഹത്യാശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ തിരിച്ച് കൊല്ലത്തെത്തുകയും അവിടെ നിന്ന് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. ആർ.സി.സിയിൽ നിന്നെത്തിയ രാജൻ മിനിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് കാണിച്ച് ചിറയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകി. സമൂഹമാദ്ധ്യമങ്ങളിലടക്കം കാണാനില്ലെന്ന വാർത്ത പ്രചരിക്കുകയും ചെയ്തു.

മിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അനുഷ്കയുടെ ബോഡി കണ്ടെത്തി. ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചിറയിൻകീഴ് പൊലീസ്, ആറ്റിങ്ങൽ ഫയർഫോഴ്സ്, ഫോറൻസിക് വിദഗ്ദ്ധർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്രവാസിയായ രാജൻ ചിലമ്പിൽ പ്ലംബിംഗ് കട നടത്തിവരികയാണ്.