f

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് കലാപാഹ്വാനം നടത്തിക്കൊണ്ട് 'അടിക്കൂ, അടിക്കൂ" എന്ന് ആവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി ആറ്റിങ്ങലിൽ പ്രഭാത സദസിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് തുടങ്ങിവച്ചത് കെ.എസ്.യു തുടരുമെന്നാണ് പ്രതിപക്ഷ നേതാവ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രസംഗിച്ചത്. നവകേരള സദസിന്റെ ശോഭ കെടുത്താനുള്ള ഉദ്ദേശ്യം നടക്കാതെ വന്നതോടെ കോൺഗ്രസ് കൂടുതൽ പ്രകോപിതരാകുകയാണ്. കെ.എസ്.യു എന്തിനാണ് സമരം നടത്തുന്നത്. ഏത് വിദ്യാർത്ഥി പ്രശ്‌നമാണ് അവർക്ക് പരിഹരിക്കാനുള്ളത്. ബസിനു മുന്നിൽ ചാടി ജീവാപായം ഉണ്ടാക്കാനുള്ള യൂത്ത് കോൺഗ്രസുകാരുടെ ശ്രമത്തെ തടയുന്ന പ്രവൃത്തി 'ജീവൻരക്ഷാ പ്രവർത്തനം" തന്നെയാണ്.

സെനറ്റ് അംഗങ്ങളെ തീരുമാനിച്ച വിഷയത്തിൽ ഗവർണറെ അനുകൂലിക്കുകയും അതിലെന്താണ് തെറ്റെന്ന് ചോദിക്കുകയും ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നിലപാട് യാദൃച്ഛികമല്ല. ഇത്തരമൊരു കാര്യം ഉണ്ടാകുന്നതിനുമുൻപ് ഇവർക്കിടയിൽ ആശയവിനിമയം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്, സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവമായ പരിശ്രമം നടക്കുകയാണ്. അതിൽ ഗവർണറും ഉൾപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടാകേണ്ട അഭിപ്രായ പ്രകടനമല്ല ഗവർണർ നടത്തിയത്. ഇതിനെതിരെയാണ് യഥാർത്ഥത്തിൽ കെ.എസ്.യു സമരം നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യ പ്രതി മുഖ്യമന്ത്രി

കലാപത്തിന് ആഹ്വാനം നൽകിയതിന് പ്രതിയാകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. നവകേരള സദസുമായി ബന്ധപ്പെട്ടു നടന്ന മുഴുവൻ അക്രമങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രിയാണ്. കണ്ണൂരിൽ ഡി.വൈ.എഫ്.ഐക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്ത അക്രമം പോലും മാതൃകാ പ്രവർത്തനമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സഹികെട്ടപ്പോഴാണ് അടിച്ചാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞത്. പുരുഷ എസ്.ഐയാണ് പെൺകുട്ടിയുടെ വസ്ത്രം വലിച്ചുകീറിയത്. പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പേടിപ്പിക്കാനൊന്നും നോക്കണ്ട. ഇല്ലാത്ത കേസിൽ കുട്ടികളെ ജയിലിലാക്കിയാൽ അവർക്കൊപ്പം ഞാനും ഉണ്ടാകും.

-പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ