k

ശബരിമല ഭക്തരുടെയും സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗത്തുള്ള മൂന്ന് ജില്ലക്കാരുടെയും ദീർഘകാലത്തെ സ്വപ്നമാണ് ശബരിമല വിമാനത്താവളം. ചെറുവഞ്ചി എസ്റ്റേറ്റിലെ ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ ഒട്ടും സമയം പാഴാക്കാതെ ശബരിമല വിമാനത്താവളത്തിന് ചെറുവഞ്ചി എസ്റ്റേറ്റ് ഉൾപ്പെടുന്ന ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് അഭിനന്ദനീയമാണ്. ചെറുവഞ്ചി എസ്റ്റേറ്റിൽ നിന്ന് 2405 ഏക്കറും 165 ഏക്കർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഉൾപ്പെടുന്നതാണ് ഈ സ്ഥലം. വിമാനത്താവള നിർമ്മാണം സംബന്ധിച്ച സാമൂഹികാഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശകൾ കൂടി ഉൾപ്പെടുത്തിയാണ് റവന്യു വകുപ്പിന്റെ ഉത്തരവ്.

ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും താത്പര്യം വിമാനത്താവള പദ്ധതിക്ക് അനുകൂലമാണെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശയെന്ന് റവന്യു മന്ത്രി കെ. രാജൻ വെളിപ്പെടുത്തുകയും ചെയ്തു. സാമൂഹിക നീതി ഉറപ്പാക്കുംവിധം പുനരധിവാസ പാക്കേജ് തയ്യാറാക്കണമെന്ന സമിതിയുടെ നിർദ്ദേശം വളരെ പ്രാധാന്യമേറിയതാണ്. തുടക്കത്തിൽ സർക്കാർ നൽകുന്ന പല വാഗ‌്‌ദാനങ്ങളും കുടിയിറക്കപ്പെട്ടു കഴിഞ്ഞാൽ നടപ്പാക്കാറില്ല എന്ന മുൻ അനുഭവം ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ ആവർത്തിക്കരുത്. കുടിയിറക്കപ്പെട്ടവർ വാഗ്‌ദാനങ്ങൾ പാലിച്ചുകിട്ടാൻ വേണ്ടി സമരവുമായി റോഡിലേക്ക് ഇറങ്ങേണ്ടിവരുന്ന സാഹചര്യം സർക്കാർ സൃഷ്ടിക്കരുത്. അങ്ങനെ വന്നാൽ ഇത്തരം സമരങ്ങളിൽ നുഴഞ്ഞുകയറി പദ്ധതി തന്നെ തടസ്സപ്പെടുത്താനും താമസിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടന്നെന്നിരിക്കും.

അതുപോലെ തന്നെ. സ്ഥലം നഷ്ടപ്പെടുന്നവരിൽ യോഗ്യതയുള്ളവർക്ക് വിമാനത്താവളവുമായി ബന്ധപ്പെട്ട് ജോലികൾ നൽകുന്നതും പരിഗണിക്കപ്പെടണം. ശബരിമല വിമാനത്താവളം എന്നാണ് പേരെങ്കിലും,​ ഇത് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള പ്രവാസികൾക്കാണ്. മിക്കവാറും മണ്ഡലകാലത്തു മാത്രമാവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ ശബരിമല വിമാനത്താവളത്തെ ആശ്രയിക്കുക. വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ ഉത്തരേന്ത്യയിൽനിന്ന് കൂടുതൽ ഭക്തജനങ്ങൾ ശബരിമലയിൽ എത്താനും സാദ്ധ്യതയുണ്ട്. ഇതെല്ലാം പരിഗണിച്ച് ശബരിമലയിൽ ഇപ്പോൾ നിലനിൽക്കുന്ന പരിമിതികൾ പരിഹരിക്കാൻ ദീർഘകാല വീക്ഷണത്തോടെ സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതും ആവശ്യമാണ്.

ഭൂരേഖകൾ പരിശോധിക്കുന്നതും ഭൂമിയുടെ സർവേയുമാണ് ഭൂമി ഏറ്റെടുക്കുന്ന അന്തിമ വിജ്ഞാപനത്തിനു മുമ്പ് ഇനി പ്രധാനമായി നടക്കേണ്ടത്. ഇത് സങ്കീർണമായ പ്രക്രിയയാണ്. തടസ്സങ്ങളും തർക്കങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത ഉള്ളതിനാൽ റവന്യു വകുപ്പിലെ തന്നെ ഏറ്റവും പരിചയസമ്പന്നരായ ഒരു ടീം വേണം ഇതൊക്കെ ചെയ്തുതീർക്കേണ്ടത്. തർക്കങ്ങൾ ജനങ്ങളെയും വസ്തു ഉടമകളെയും പറഞ്ഞു ബോദ്ധ്യപ്പെടുത്തി പരിഹരിക്കാനുള്ള ഒരു സമാന്തര സംവിധാനം ഒരുക്കുന്നതും നല്ലതായിരിക്കും. വിവിധ വകുപ്പുകളിൽനിന്ന് റിട്ടയർ ചെയ്ത മേധാവികളുടെ സേവനം ഇതിനായി വിനിയോഗിക്കാവുന്നതാണ്. പണ്ടൊക്കെ പദ്ധതികൾ പ്രഖ്യാപിച്ചാൽ അത് നടപ്പാവാൻ വർഷങ്ങൾ വേണ്ടിവന്നിരുന്നു. ആധുനിക കാലത്ത് അതല്ല സ്ഥിതി. പണ്ട് വർഷങ്ങളെടുത്തു നിർമ്മിക്കുന്ന പാലങ്ങളും മറ്റും ഇപ്പോൾ മാസങ്ങൾക്കുള്ളിലാണ് തീരുന്നത്. ആധുനിക കാലത്തിന്റെ ഒരു നേട്ടമാണിത്. അതിനാൽ ശബരിമല വിമാനത്താവളം എത്രയുംവേഗം സാക്ഷാത്കരിക്കാൻ വേണ്ട നടപടികളാണ് ശരവേഗത്തിൽ ഇനി നടപ്പാക്കേണ്ടത്.