തിരുവനന്തപുരം: കല്ലും കമ്പും മാറ്റിപിടിച്ച കെ.എസ്.യു ഇന്നലെ മുളകുപൊടി നിറച്ച മുട്ടയും ഗോലിയും പൊലീസിന് നേർക്കുപയോഗിച്ചു. മുട്ടയിൽ ദ്വാരമിട്ട് വെള്ളയും മഞ്ഞക്കരുവും കളഞ്ഞ് മുളകുപൊടി കുഴച്ച വെള്ളം നിറച്ചു. ദ്വാരം ടേപ്പു കൊണ്ട് ഒട്ടിച്ചു. കണ്ണീർ ഷെല്ലിന്റെ നാടൻ പതിപ്പ്. കന്റോൺമെന്റ് സി.ഐ ഷാഫി,എസ്.ഐ അമ്പിളി ഗംഗാധരൻ തുടങ്ങിയവരുടെ കണ്ണിൽ മുട്ട പൊട്ടിച്ചിതറി മുളക് വെള്ളം വീണു.
ഗോലി കൊണ്ടുള്ള ഏറും തീവ്രമായിരുന്നു. രണ്ട് വനിതാ പൊലീസിനും ഗോലിയേറ് കിട്ടി. പ്രവർത്തകരെ കീഴ്പ്പെടുത്തിയ പൊലീസ് കുറേ ഗോലികൾ പിടിച്ചെടുത്തു. സംഘർഷത്തെ തുടർന്ന് വഴുതക്കാട് ഭാഗത്തേക്കുള്ള ഗതാഗതം എറെ നേരം സ്തംഭിച്ചു.