
ആറ്റിങ്ങൽ: നവകേരള സദസ് യാത്രയിൽ മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസിന്റെ മാതൃകയിലുള്ള മിനിയേച്ചർ കൗതുകമാകുന്നു. കൊല്ലം ചവറ നിയോജക മണ്ഡലത്തിലെ നവകേരള യാത്രയുടെ സ്വീകരണ സമ്മേളനത്തിൽ വച്ചാണ് മുഖ്യമന്ത്രിക്ക് കിഴക്കേ കല്ലട സ്വദേശി രഞ്ജിത്ത് നിർമ്മിച്ച ബസിന്റെ മോഡൽ കൈമാറിയത്. കാർപ്പെന്ററായ രഞ്ജിത്ത് ജോലി കഴിഞ്ഞുള്ള സമയത്താണ് ബസിന്റെ മിനിയേച്ചർ നിർമ്മിച്ചത്.
പാം ഷീറ്റിൽ ബസ് നിർമ്മിക്കാൻ രണ്ടാഴ്ചയും, 3000 രൂപയും ചെലവായി.12 സെന്റിമീറ്റർ വീതിയും 16 സെന്റിമീറ്റർ ഉയരവും, 30 സെന്റിമീറ്റർ നീളവുമുണ്ട്. നവകേരള സദസ് കുന്നത്തൂരിൽ എത്തുമ്പോൾ ബസ് മുഖ്യമന്ത്രിക്ക് നൽകാമെന്ന് സംഘാടകർ പറഞ്ഞെങ്കിലും, വൻ ജനത്തിരക്കായതിനാൽ അന്ന് കൊടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് ചവറയിലെത്തി രഞ്ജിത്ത് ഒന്നാം ക്ലാസുകാരിയായ മകൾ അശ്വതിയെ കൊണ്ടാണ് ബസിന്റെ മിനിയേച്ചർ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചത്. ബസ് കണ്ട് ഇഷ്ടം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഇത് തത്കാലം മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിന്റെ മുന്നിലും യാത്ര കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഓഫീസിലും സൂക്ഷിക്കാൻ നിർദ്ദേശിച്ചു.