1

കഴക്കൂട്ടം: പരാതികളും പരിഭവങ്ങളും ആവശ്യങ്ങളുമായി നാലായിരത്തോളം പേരാണ് നവകേരള സദസിൽ നിവേദനങ്ങളുമായി എത്തിയത്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ നടന്ന ചിറയിൻകീഴ് മണ്ഡലം നവകേരളസദസിലാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 4364 നിവേദനങ്ങൾ സമർപ്പിച്ചത്. മത്സ്യബന്ധനത്തിനിടയിൽ വള്ളംമറിഞ്ഞ് കടലിൽ മരിച്ച മകന്റെ ആനുകൂല്യങ്ങൾ കിട്ടുന്നതിനായും മാതാവും കുടുംബവും, അതുപോലെ രണ്ടുസെന്റിന്റെ പട്ടയത്തിനായി വർഷങ്ങളായി കയറിയിറങ്ങി തളർന്ന വീട്ടമ്മയും, തീപിടിത്തത്തിൽ വീട് നഷ്ടപ്പെട്ട് പുതിയ വീടിനായി അപേക്ഷ നൽകിയിട്ടും ഫലം കാണാത്ത വൃദ്ധയും നിവേദനം നൽകാൻ എത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. കൂടാതെ സൈനിക സ്കൂളിൽ പഠിക്കുന്ന പട്ടിക വർഗക്കാരായ വിദ്യാർത്ഥികൾക്ക് നാലുമാസമായി സ്കോളർഷിപ്പ് ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തിയവരുമുണ്ട്. അന്തിയുറങ്ങാൻ പാങ്ങില്ലാത്തവർ പുതിയ വീടുകൾ ലഭിക്കുന്നതിനായി ജനറൽ വിഭാഗത്തിൽപ്പെട്ടവരുടെ നിവേദനങ്ങളാണ് കൂടുതൽ ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും അടക്കം 20 കൗണ്ടറുകളായി തരംതിരിച്ചാണ് ഉദ്യോഗസ്ഥർ നിവേദനങ്ങൾ കൈപ്പറ്റി രസീതുകൾ നൽകിയത്.നിവേദനങ്ങൾ ഇന്നുതന്നെ തരംതിരിച്ച് അതത് വകുപ്പുകൾക്ക് കൈമാറും.പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നതിനായി വിവിധ വകുപ്പുകളിൽപ്പെട്ട നൂറിലധികം സർക്കാർ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്.