
കാട്ടാക്കട: 17കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ആറ് വർഷം കഠിനതടവും 30,000രൂപ പിഴയും വിധിച്ചു. വിളപ്പിൽ കാതോട് പോങ്ങറത്തല വി.പി 331എ.ഗൗരി ഭവനിൽ രാജേഷിനെയാണ് (39) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം.പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിന തടവ്കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
2018ഫെബ്രുവരി 20നായിരുന്നു സംഭവം. അന്ന് അടുത്ത് കിടന്നുറങ്ങിയ പെൺകുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഉണർന്ന കുട്ടി അമ്മയോട് വിവരം പറയുകയും ചൈൽഡ്ലൈൻ വഴി പൂജപ്പുര പൊലീസിലും തുടർന്ന് വിളപ്പിൽശാല പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.
പ്രതി പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി കുട്ടിയും മാതാവും കോടതിയിൽ മൊഴി നൽകി. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 13സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകൾ ഹാജരാക്കുകയും ചെയ്തു.അന്നത്തെ വിളപ്പിൽശാല സബ് ഇൻസ്‌പെക്ടർമാരായ കെ.കണ്ണൻ,വി.ഷിബു എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.