general

ബാലരാമപുരം: തലയൽ ഏലായിൽ നെൽകൃഷിക്ക് പുനർജീവനേകി കർഷക കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മാതൃകയാവുന്നു. നാട്ടിൻപുറങ്ങളിൽ അന്യം നിന്നുപോകുന്ന നെൽകൃഷിയെ കൂടുതൽ സജീവമാക്കി പരിപോഷിപ്പിക്കലാണ് കർഷകരുടെ ലക്ഷ്യം. കേരളത്തിലെ നെല്ലറകൾ മൺമറയുകയും അരിക്ക് തമിഴ്നാട്,ആന്ധ്രാ ലോബികളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ അഞ്ചോളം വരുന്ന കർഷക കൂട്ടായ്മ നെൽപ്പാടത്തിലേക്ക് ചുവടുവച്ച് പുതിയൊരു അദ്ധ്യായത്തിന് തുടക്കമിടുകയാണ്. ഇരുപത് വർഷത്തിന് ശേഷമുള്ള നെൽകൃഷി വിളവെടുപ്പ് ആഘോഷമാക്കാനാണ് കർഷകർ ആലോചിക്കുന്നത്.

ചരിത്രം

തലയൽ ഏലായിൽ ഏക്കറുകണക്കിന് കൃഷിത്തോട്ടങ്ങൾ ഇരുപത് വർഷങ്ങൾക്കു മുമ്പ് നെൽവയലുകളായിരുന്നു

സാമ്പത്തിക ബാദ്ധ്യതയും കീടങ്ങളെ ചെറുക്കുന്നതിനും വളപ്രയോഗം,ആധുനിക സംവിധാനങ്ങൾ,പരിപാലനം എന്നിവ ഇല്ലാത്തതുംകാരണം നെൽകൃഷി ക്ഷയിച്ചു

കർഷകരുടെ കൂട്ടായ പ്രവർത്തനം

തലയൽ ഏലായിലെ കർഷക കൂട്ടായ്മ ബാലരാമപുരം പഞ്ചായത്തും കൃഷിഭവനുമായി ചേർന്ന് നെൽക്കൃഷിയെ പുനരുജ്ജീവിപ്പിക്കാൻ രംഗത്തെത്തി

തലയൽ ഏലാ കൃഷിക്ക് അനുയോജ്യവും ജലസ്രോതസ്സ് കൂടുതലുള്ള സ്ഥലവുമായി തിരഞ്ഞെടുത്ത് പരീക്ഷണാർത്ഥം കരമന നെടുങ്കാട് വിത്ത് വിപണന കേന്ദ്രത്തിൽ നിന്നും ഉമ എന്ന വിത്ത് പാകി ഇരുപത് ദിവസത്തിനു ശേഷം ഞാറ് നടീലും നടന്നു

കാറാത്തല ക്ഷേത്രത്തിനു സമീപം 60 സെന്റിൽ നെൽകൃഷി ആരംഭിച്ചു.120 മുതൽ 130 ദിവസം വരെയാണ് നെൽകൃഷിയുടെ വിളവെടുപ്പ് കാലാവധി

അനുയോജ്യമായ വളപ്രയോഗം

വെള്ളനാട് മിത്രാനികേതനുമായി സഹകരിച്ച് ഡ്രോൺ വഴി നാനോ യൂറിയ ദ്രാവക രൂപത്തിൽ വളപ്രയോഗവും ആരംഭിച്ചു

എഫ്.എ.സി.ടി വഴിയാണ് വളം വിതരണം ചെയ്യുന്നത്.വർഷം തോറും 80 ലക്ഷത്തിലേറെ ടൺ രാസവളമാണ് എഫ്.എ.സി.ടി വിതരണം ചെയ്യുന്നത്

75 വർഷമായി കാർഷിക മേഖലയിൽ സജീവമായ എഫ്.എ.സി.ടി കൃഷിവകുപ്പുമായി സഹകരിച്ചാണ് വളം എത്തിക്കുന്നത്.വളപ്രയോഗത്തിന് 10 മിനിട്ടിൽ 750 രൂപയാണ് തുക ഈടാക്കുക.ഒരേക്കറോളം വരുന്ന കൃഷിഭൂമിയിൽ ‌ഡ്രോൺവഴിയുള്ള നാനോ യൂറിയ വളപ്രയോഗം ലാഭകരമാണെന്നാണ് കർഷകർ പറയുന്നത്.

കൃഷിക്ക് സർക്കാർ സഹായം വേണം

തലയൽ ഏലായിലെ നെൽകൃഷി പരിപാലനത്തിന് പഞ്ചായത്തിന്റെ സഹകരണത്തിന് പുറമേ സർക്കാരിന്റെയും ഇതര കൃഷിവകുപ്പിന്റെയും സാമ്പത്തിക സഹായവും കർഷകർ പ്രതീക്ഷിക്കുന്നുണ്ട്.കർഷകരുടെ പുതിയ ഉദ്യമത്തിന് സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും ഊർജ്ജിത ഇടപെടലും പിൻതുണയുമാണ് കർഷക കൂട്ടായ്മ ആഗ്രഹിക്കുന്നത്.നെൽകൃഷി പഞ്ചായത്തിലെ കൂടുതൽ വയലേലകളിൽ തുടങ്ങാനുള്ള സംവിധാനത്തിനും കൃഷിവകുപ്പ് തുടക്കമിടണം -തലയൽ ഏലാ കർഷക കൂട്ടായ്മ