വിതുര: ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ ആദിവാസിയായ ഗൃഹനാഥനെ കരടി ഗുരുതരമായി കടിച്ച് പരിക്കേൽപ്പിച്ചു.വിതുര പേപ്പാറ പൊടിയക്കാല കുന്നുംപുറത്ത് വീട്ടിൽ രാജേന്ദ്രൻകാണിയെയാണ് (52) കരടി ആക്രമിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 2ഓടെയായിരുന്നു സംഭവം.കാട്ടുകിഴങ്ങ് ശേഖരിക്കാൻ പോയ രാജേന്ദ്രൻകാണിയുടെ നിലവിളികേട്ട് പ്രദേശവാസികൾ എത്തിയപ്പോൾ ഇയാളെ കരടി നിലത്തിട്ട് കടിക്കുകയായിരുന്നു. കാലിനും,കൈയ്ക്കും ഗുരുതര പരിക്കേറ്റു.ആദിവാസികൾ ബഹളം കൂട്ടിയതോടെ കരടി ഉൾവനത്തിലേക്ക് ഒാടിക്കയറി. രാജേന്ദ്രൻകാണിയെ വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊടിയക്കാലയിൽ ഒരാഴ്ച മുൻപും ആദിവാസികൾ കരടിയെ കണ്ടിരുന്നു.കരടിക്ക് പുറമേ പൊടിയക്കാല മേഖലയിൽ കാട്ടാനശല്യവും രൂക്ഷമാണ്.പകൽസമയത്തുപോലും കരടി എത്തിയതിൽ ആദിവാസികൾ ഭീതിയിലാണ്.രാജേന്ദ്രൻകാണി അപകടനിലതരണം ചെയ്തതായി ഡോക്ടർ അറിയിച്ചു.