തിരുവനന്തപുരം:കോവളം ബീച്ചിന്റെ വികസനനടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ബീച്ചിന്റെ ഒന്നാംഘട്ട വികസനത്തിനുള്ള ടെൻഡർ ക്ഷണിച്ചു. ആദ്യഘട്ടത്തിൽ 43.54 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പാക്കുന്നത്. കോവളത്തെ ഹവ്വാ ബീച്ച്,ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കൽ,സൈലന്റ് വാലി സൺബാത്ത് പാർക്ക് നവീകരണം, അടിമലത്തുറ ബീച്ചുമായുള്ള അതിർത്തി നിർണയിക്കൽ എന്നിവയാണ് ആദ്യഘട്ടത്തിൽ ചെയ്യുക.

18 മാസംകൊണ്ട് ഒന്നാംഘട്ടം പൂർത്തിയാക്കും. വികസനപദ്ധതിയിലൂടെ കോവളം ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നേടിയെടുക്കാനും ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. ഒന്നാംഘട്ടത്തിലാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ കരസ്ഥമാക്കാനുള്ള നീക്കം.

കോവളത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. കേന്ദ്ര സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡിനാണ് പദ്ധതി ചുമതല. 2024 ഫെബ്രുവരി 12നാണ് ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി. കോവളവും അനുബന്ധ ബീച്ചുകളും വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഈവർഷം ഫ്രെബുവരിയിലാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.

ബ്ലൂ ഫ്ലാഗ് ബീച്ച്

പാരിസ്ഥിതിക ഉത്തരവാദിത്വം പുലർത്തുന്ന ബീച്ചുകൾക്കാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ അനുവദിക്കുക. ഡെൻമാർക്കിലെ കോപ്പൻഹേഗൻ ആസ്ഥാനമായ ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ എഡ്യുക്കേഷൻ എന്ന എൻ.ജി.ഒയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. പാരിസ്ഥിതിക സുസ്ഥിരത,സുരക്ഷ തുടങ്ങിയ 33 മാനദണ്ഡങ്ങൾ പ്രകാരമാണ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. കേരളത്തിൽ കോഴിക്കോട്ടെ കാപ്പാട് ബീച്ചാണ് ആദ്യം ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നേടിയത്. രാജ്യത്ത് 12 ബീച്ചുകൾക്കാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷനുള്ളത്.