
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി.തോമസിന് ഓണറേറിയമായി 12.5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ഇതിനായി ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി. സ്റ്റാഫുകളുടെ ശമ്പളവും ജൂലായ് മാസം മുതലുള്ള കുടിശ്ശികയടക്കമുള്ള ഓണറേറിയം തുകയുമാണ് ക്രിസ്മസ് ആഘോഷം പരിഗണിച്ച് അനുവദിച്ചിരിക്കുന്നത്. ഡൽഹി ഓഫീസിൽ മൂന്ന് സ്റ്റാഫുകളും ഒരു ഡ്രൈവറുമുണ്ട്. 2023 ജനുവരി 18നാണ് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി തോമസിനെ നിയമിച്ചത്. ശമ്പളം വേണ്ടെന്ന് കെ.വി.തോമസ് പറഞ്ഞതിനെ തുടർന്നാണ് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിച്ചത്.