
വർക്കല: നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷ സമാപനവും 73-ാമത് വാർഷിക കൺവെൻഷനും നാളെ ആരംഭിക്കും. ഗുരുനിത്യചൈതന്യയതിയുടെ ജന്മശതാബ്ദി ആഘോഷവും ഇതോടനുബന്ധിച്ച് നടക്കും. കൺവെൻഷൻ പരിപാടികൾ ഒരാഴ്ച നീണ്ടു നിൽകും.
നാളെ രാവിലെ 9ന് ഗുരുനാരായണഗിരിയിലെ ബ്രഹ്മവിദ്യാലയത്തിൽ ഡോ.പീറ്റർമൊറാസ് പതാക ഉയർത്തും. 9.10ന് ഹോമം, ഉപനിഷത്ത് പാരായണം എന്നിവയ്ക്കു ശേഷം നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദ് , സ്വാമി ത്യാഗീശ്വരൻ എന്നിവർ പ്രവചനം നടത്തും. 10.40ന് മുൻ ചീഫ് സെക്രട്ടറി വി.പി.ജോയി പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. ഗുരുമുനി നാരായണപ്രസാദ് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി ഋതംഭരാനന്ദ, യു.എസ്.എ ബെയിൻബ്രിഡ്ജ് ഗുരുകുലത്തിലെ നാൻസി യീൽഡി, എമ്മാവാക്കർ(ആസ്ട്രേലിയ), തമിഴ് സാഹിത്യകാരൻ ജയമോഹൻ എന്നിവർ സംസാരിക്കും. വൈകുന്നേരം 3.30ന് ശതാബ്ദി സമാപന സമ്മേളനം സ്വാമി വ്യാസപ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാമി ത്യാഗീശ്വരൻ അദ്ധ്യക്ഷത വഹിക്കും. രാത്രി 7ന് പ്രാർത്ഥനായോഗം, 9ന് ഡി.എസ്.ശ്രീലക്ഷ്മിയുടെ മോഹിനിയാട്ടം, ചവിട്ടുനാടകം, അറബനമുട്ട്, ദഫ് മുട്ട്.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന അഞ്ച് സെമിനാറുകളാണ് കൺവെൻഷനിലെ പ്രധാന പരിപാടി. ഇത്തവണ സെമിനാറിനു മുമ്പ് പ്രഭാഷണങ്ങളുമുണ്ടായിരിക്കും. അമേരിക്കയിൽ ഗുരുകുല ശിഷ്യനും ചിത്രകാരനുമായ ആൻഡ്രുലാർക്കിൻ ആത്മോപദേശ ശതകത്തിലെ നൂറ് ശ്ലോകങ്ങളുടെയും സാരം ധ്യാനത്തിൽ ദർശിച്ച് രചിച്ച നൂറ് ചിത്രങ്ങളുടെ പ്രദർശനവും ഗുരുകുല ശിഷ്യനായ പ്രമോദ് കൂരമ്പാലയുടെ ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.