തിരുവനന്തപുരം : ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള തീർത്ഥാടന ഘോഷയാത്ര
31 ന് വെളുപ്പിന് അഞ്ചിന് മഹാസമാധിയിൽ നിന്ന് പുറപ്പെടും. രാവിലെ 10ന് നടക്കുന്ന മഹാസമ്മേളനത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ വിശിഷ്‌ടാതിഥികളായിരിക്കും. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. അടൂർ പ്രകാശ് എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡോ.സിദ്ദിഖ് അഹമ്മദ് (ചെയർമാൻ ഏറാം ഗ്രൂപ്പ് ) എന്നിവർ മുഖ്യാതിഥികളായിരിക്കും. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, കെ.ജി. ബാബുരാജ് ( ചെയർമാൻ, ക്യു.ഇ.എൽ ആൻഡ് ക്യു.പി.സി.സി ഹോൾഡിംഗ്സ് ബഹറിൻ ) കെ. മുരളീധരൻ (ചെയർമാൻ, മുരളീയ ഗ്രൂപ്പ് ), മുംബയ് ശ്രീനാരായണ മന്ദിര സമിതി ചെയർമാൻ എം.ഐ. ദാമോദരൻ, ഡോ.സുരേഷ് കുമാർ മധുസൂദനൻ (സെക്രട്ടറി ജനറൽ, ഇൻഡോഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്സ് ) എന്നിവർ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കൃഷി, ടൂറിസം സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. ശശി തരൂർ എം.പി അദ്ധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് ഗുരുചര്യസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷനാകും.
ജനുവരി ഒന്നിന് രാവിലെ 10 ന് സംഘടനാ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. കെ.സുധാകരൻ എം.പി അദ്ധ്യക്ഷനാകും. സ്വാമി സാന്ദ്രാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് സാഹിത്യ സമ്മേളനം സുനിൽ പി. ഇളയിടം ഉദ്‌ഘാടനം ചെയ്യും. പ്രഭാവർമ്മ അദ്ധ്യക്ഷനാവും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. ബിനോയ് വിശ്വം എം.പി അദ്ധ്യക്ഷനാകും.
പുതുവത്സരപൂജ
ഡിസംബർ 31 ന് രാത്രി 12 ന് ഗുരുദേവ മഹാസമാധിയിൽ പുതുവത്സരപൂജയും സമൂഹപ്രാർത്ഥനയും നടക്കും. പുതുവത്സര ദിനമായ ജനുവരി ഒന്നിന് രാവിലെ എട്ടിന് മഹാസമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിമാ പ്രതിഷ്ഠാദിനം പ്രമാണിച്ച് ശാരദാമഠത്തിൽ നിന്നു മഹാസമാധി മന്ദിരത്തിലേക്ക് 108 പുഷ്‌പകലശങ്ങളോടെയുള്ള പ്രയാണം നടക്കും. തുടർന്ന് മഹാസമാധിപീഠത്തിൽ കലശാഭിഷേകം, വിശേഷാൽപൂജ, മംഗളാരതി എന്നിവയും ഉണ്ടായിരിക്കും.