നെടുമങ്ങാട്:പുതിയ കേരളത്തിന്റെ ഭാവി വികസന സാദ്ധ്യതകളും കൈവരിച്ച നേട്ടങ്ങളും എണ്ണിപ്പറഞ്ഞ്, മലനാടിന്റെ മനംകവർന്ന് നവകേരള സദസ്.ചരിത്രത്തിലാദ്യമായി മന്ത്രിസഭ ഒന്നാകെ വിളിപ്പുറത്ത് എത്തിയതിന്റെ കൗതുകവും ആഹ്ലാദവും മലനാട് ഒട്ടും മറച്ചുവച്ചില്ല. പഞ്ചവാദ്യത്തിന്റെയും വാദ്യഘോഷങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയിൽ വേണാടിന്റെ പ്രൗഡി വിളിച്ചോതുന്ന ഉജ്ജ്വല വരവേൽപ്പ് ഒരുക്കി. നവകേരള സദസിനു വേദിയായ മുനിസിപ്പൽ പാർക്കിംഗ് യാർഡിൽ സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും തൊഴിലാളികളും യുവജനങ്ങളുമാകെ ഒഴുകിയെത്തി. നെടുമങ്ങാട് എം.എൽ.എയും ഭക്ഷ്യ മന്ത്രിയുമായ അഡ്വ.ജി.ആർ. അനിലും മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.എൻ.ബാലഗോപാൽ എന്നിവർ വേദിയിൽ ആമുഖ പ്രഭാഷണം നടത്തി. ആറരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെത്തിയത്. ബസിൽ നിന്നറങ്ങിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തപ്പോൾ ആർപ്പുവിളിയും മുദ്രാവാക്യങ്ങളും അണപൊട്ടി. മുഖ്യമന്ത്രി വേദിയിൽ സന്നിഹിതനായതോടെ കാതടപ്പിക്കുന്ന കതിനാവെടികൾ മുഴങ്ങി.മന്ത്രിമാരായ വി.ശിവൻകുട്ടി, എ.കെ.ശശീന്ദ്രൻ, ജെ.ചിഞ്ചുറാണി, അഹമ്മദ് ദേവർകോവിൽ, കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, ആന്റണി രാജു, കെ.രാധാകൃഷ്ണൻ, പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി.ശിവൻകുട്ടി, എം.ബി.രാജേഷ്, ഡോ.ആർ.ബിന്ദു,വീണാ ജോർജ്, വി.അബ്ദുറഹ്മാൻ, ജില്ലാകളക്ടർ, മണ്ഡലത്തിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ,സംഘാടക സമിതി വൈസ് ചെയർമാൻ അഡ്വ.ആർ ജയദേവൻ, കൺവീനർ പാട്ടത്തിൽ ഷെരീഫ് തുടങ്ങിയവർ സന്നിഹിതരായി.
പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ചത്
രണ്ടു പതിറ്റാണ്ടായി താമസിക്കുന്ന വീട്ടിൽ പ്രവേശിക്കാൻ വഴിയില്ലാത്തതിന്റെ ദുരിതം മുഖ്യമന്ത്രിയെ നേരിട്ടു ബോധിപ്പിക്കാനാണ് പത്താംകല്ല് പാറയിൽക്കോണം ഗോകുലത്തിൽ കെ.സുരേഷ്‌കുമാരി നവകേരള സദസിലെത്തിയത്. പുരയിടത്തിന്റെ മുൻവശം മുഴുവൻ പാറക്കെട്ടാണ്.വീട്ടിൽ വായുവും വെളിച്ചവും പോലും കടക്കില്ല. അടുത്ത പുരയിടത്തിൽ കൂടിയാണ് വീട്ടിൽ പ്രവേശിക്കുന്നത്.വിധവയായ സുരേഷ് കുമാരി രോഗിയായ മകനും വൃദ്ധ മാതാവിനും ഒപ്പമാണ് താമസം.വില്ലേജോഫീസർ സ്ഥലം പരിശോധിച്ച് ഉറപ്പ് നൽകി മടങ്ങിയിട്ട് വർഷങ്ങളായി.പാറ പൊട്ടിച്ചു വഴിയുണ്ടാക്കിത്തരാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഒരു തീർപ്പും ഉണ്ടാകുന്നില്ല. ഒരു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന താലൂക്ക് സർവേ വിഭാഗം ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേലാണ് സുരേഷ്‌കുമാരി മടങ്ങിയത്.നവകേരള സദസിന്റെ ഭാഗമായി പരാതികൾസ്വീകരിക്കാൻ 15 കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്.4471 പരാതികൾ ലഭിച്ചു.
സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് പരാതികൾ സ്വീകരിച്ചു തുടങ്ങി. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിച്ചു. സ്ത്രീകൾ,ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിരുന്നു. തദ്ദേശ റോഡ് വികസനം ഉൾപ്പെടെയുള്ള പൊതു പരാതികളും ലൈഫ് ഭവന പദ്ധതി,വിവിധ ക്ഷേമ പദ്ധതികളിലേക്കുള്ള അപേക്ഷകൾ,ഭൂമി പ്രശ്നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരാതികളാണ് ലഭിച്ചത്.എല്ലാ പരാതികൾക്കും കൈപ്പറ്റ് രസീത് നൽകി. പരാതി തീർപ്പാകുന്ന മുറയ്ക്ക് തപാലിൽ അറിയിക്കും. ഒരാഴ്ച മുതൽ ഒന്നര മാസത്തിനകം പരാതികൾ തീർപ്പാക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനറും നെടുമങ്ങാട് ആർ.ഡി.ഒയുമായ കെ.പി.ജയകുമാർ അറിയിച്ചു. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥർ രണ്ടാഴ്ചയ്ക്കകം പരാതി തീർപ്പാക്കി വിശദമായ മറുപടി നൽകി അപ്‌ലോഡ് ചെയ്യും.കൂടുതൽ നടപടികൾ ആവശ്യമുള്ള പരാതികൾ പരമാവധി നാല് ആഴ്ചക്കുള്ളിൽ തീർപ്പാക്കും.പരാതികളുടെ
സ്ഥിതി www.navakeralasadas.kerala.gov.in ൽ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നല്കിയാൽ മതി.ആർ.ഡി.ഒയുടെയും തഹസിൽദാർ ജെ.അനിൽകുമാറിന്റെയും നേതൃത്വത്തിൽ 500ലധികം ഉദ്യോഗസ്ഥരാണ് നടപടി ക്രമങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.
വേദി കീഴടക്കി 'തേക്കിൻകാട് ബാൻഡ് '
നവകേരള സദസിന്റെ വേദി ആടിയും പാടിയും വർത്തമാനം പറഞ്ഞും തേക്കിൻകാട് ബാൻഡ് ആട്ടം കലാസമിതിയിലെ അമ്പതോളം കലാകാരന്മാർ അടിച്ചുപൊളിച്ചു. 25 ഓളം ചെണ്ടകൊട്ടുകാർ മത്സരിച്ചു കൊട്ടിക്കയറിയ മ്യൂസിക്കൽ ഫ്യുഷൻ കാണികളെ മുഴുവൻ ആവേശക്കൊടുമുടിയിൽ എത്തിച്ചു. മനസിൽ ഇടംപിടിച്ച എക്കാലത്തെയും മികച്ച പാട്ടുകൾ കോർത്തിണക്കി ബാൻഡ് സംഘം അവതരിപ്പിച്ച നൃത്തച്ചുവടുകളെ പിന്തുണച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആസ്വാദകർ മത്സരിച്ചു. പ്രായഭേദമെന്യേ വൻ ജനാവലിയാണ് മ്യൂസിക്കൽ ഫ്യുഷൻ ആസ്വദിച്ചത്.
മികവാർന്ന സംഘാടനം
സംഘാടന മികവിന്റെ മികച്ച മാതൃകയായിരുന്നു നെടുമങ്ങാട് നവകേരള സദസ്. ജനക്കൂട്ടത്തിന്റെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പ്രത്യേക ഹെൽത്ത് ഡെസ്‌ക്,ഫസ്റ്റ് എയ്ഡ് ബൂത്ത്,ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.കേരള യൂത്ത് ഫോഴ്സ്,സന്നദ്ധ യുവജന സംഘടനകൾ, പ്രത്യേക വോളണ്ടിയർ സംഘങ്ങൾ എന്നിവയും സജ്ജമായിരുന്നു.കുടിവെള്ളം, ലഘുഭക്ഷണം, പാർക്കിംഗ് സൗകര്യം തുടങ്ങിയവയും ഏർപ്പെടുത്തി. പാതയോരങ്ങളിലും പ്രധാന വേദിയിലും പരാതി പരിഹാര കൗണ്ടറുകളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചതും ഉപകാരമായി. നഗരത്തിൽ മൂന്ന് മേഖലകളിലായി വാഹന പാർക്കിംഗ് ക്രമീകരിക്കുകയും അതത് മേഖലകളിൽ നിന്നെത്തിയവർ കാൽനടയായി വേദിയിലേക്ക് എത്തിയതും ഗതാഗതക്കുരുക്കൊഴിവാക്കാൻ ഉപകരിച്ചു.