
തിരുവനന്തപുരം: ഹൈക്കോടതിയിൽ ക്രിസ്മസ് അവധി ഡിസംബർ 23 മുതൽ ജനുവരി ഒന്നു വരെയായിരിക്കുമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു. 26, 29 തീയതികളിൽ അവധിക്കാല സിറ്റിംഗുകൾ ഉണ്ടാകും. അടിയന്തര പ്രാധാന്യമുള്ള കേസുകൾ അവധിക്കാല സിറ്റിംഗിൽ പരിഗണിക്കും. അവധിക്കാല ജഡ്ജിമാരായി ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, പി.ഗോപിനാഥ്, എ.എ.സിയാദ് റഹ്മാൻ, ബസന്ത് ബാലാജി, സി.ജയചന്ദ്രൻ, പി.ജി.അജിത്കുമാർ, ജോൺസൺ ജോൺ, ജി.ഗിരീഷ്, സി.പ്രദീപ് കുമാർ എന്നിവരെ ചീഫ് ജസ്റ്റിസ് നോമിനേറ്റ് ചെയ്തു.
24 മണിക്കൂറിനിടെ
300 പേർക്ക് കൊവിഡ്
തിരുവനന്തപുരം : കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുന്നു. ബുധനാഴ്ച 300 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. 2341 പേരാണ് ചികിത്സയിലുള്ളത്. പനി, ശക്തമായ ചുമ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ഭൂരിഭാഗം പേരും ആശുപത്രികളിലെത്തുന്നത്. ഒമിക്രോൺ വകഭേദമായ ജെ എൻ വൺ വ്യാപനമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിഗമനം.
ഭിന്നശേഷിക്കാരായ
ലോട്ടറി ഏജന്റുമാർക്ക്
5000 രൂപസഹായം
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ 202 ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം ധനസഹായം ബാങ്ക് അക്കൗണ്ടിൽ നൽകിയതായി മന്ത്രി ആർ. ബിന്ദു പറഞ്ഞു. 10.10 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. ഭിന്നശേഷി കോർപ്പറേഷനാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. 2 ഗഡുക്കളായി 2500 രൂപ വീതം നൽകിയിരുന്നത് ഇപ്പോൾ ഒറ്റത്തവണയായി 5000 രൂപ വീതം നൽകി. ഗുണഭോക്താക്കളുടെ ലിസ്റ്റ് www.hpwc.kerala.gov.in വെബ്സൈറ്റിൽ. ഫോൺ- 0471-2347768, 9497281896
ക്രിസ്മസിന് റെയിൽവേ ബുക്കിംഗ്
ഉച്ചയ്ക്ക് രണ്ട് വരെ
തിരുവനന്തപുരം: 25ന് റെയിൽവേ മുൻകൂർ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകൾ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയായിരിക്കുമെന്ന് റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു.
ആസ്റ്റർ മെഡ്സിറ്റിയിൽ കാൻസർ
റേഡിയേഷന് 50 ശതമാനം ഇളവ്
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർബുദ രോഗികളുടെ റേഡിയേഷൻ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ 50ശതമാനം ഇളവ് നൽകുമെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ അറിയിച്ചു. സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന് റഫറൽ ലെറ്ററുമായി എത്തുന്നവർക്കും ഇത് ബാധകമാണ്. പി.ഇ.ടി സ്കാനിംഗിനും ഇളവ് അനുവദിക്കും. മെച്ചപ്പെട്ട ചികിത്സയ്ക്ക് രോഗികളുടെ സാമ്പത്തികാവസ്ഥ തടസമാകരുതെന്നും ഫർഹാൻ യാസിൻ പറഞ്ഞു.
ആസ്റ്റർ മെഡ്സിറ്റിയിലെ അർബുദചികിത്സാ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അരുൺ ആർ.വാര്യർ, റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ദുർഗാ പൂർണ്ണ, ന്യൂക്ലിയർ മെഡിസിൻ കൺസൾട്ടന്റ് ഡോ. ജി.എസ്.ഷാഗോസ്, ഹെഡ് ഒഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.