
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവീന്ദ്രൻ നടത്തിയ അദ്ധ്യാപക നിയമനങ്ങൾ പുന:പരിശോധിക്കണമെന്ന് ഗവർണർക്കും കണ്ണൂർ വി.സിക്കും പരാതി.
സുപ്രീംകോടതി അയോഗ്യനാക്കിയ ഉത്തരവ് വന്ന ശേഷവും ഒരു അസി.പ്രൊഫസർ നിയമനം നടത്തി. തലേന്ന് നടത്തിയ അഭിമുഖം തുടർന്ന ശേഷമായിരുന്നു ജിയോഗ്രഫിയിലെ ഈ നിയമനം. വി.സിക്ക് പകരം അവസാനഘട്ടത്തിൽ മറ്റൊരു പ്രൊഫസറെ ചുമതലപ്പെടുത്തിയതും അസ്വാഭാവികമാണ്. ജിയോഗ്രഫിയിൽ ഒന്നാം റാങ്കോടെ നിയമനം നേടിയയാളുടെ ജെ.എൻ.യുവിലെ ഗവേഷണ ഗൈഡിനെയാണ് വിഷയവിദഗ്ദ്ധനാക്കിയത്. അദ്ധ്യാപക നിയമനത്തിനുള്ള അഭിമുഖങ്ങളെല്ലാം ഓൺലൈനാക്കിയതിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു.
ഡൽഹിയിലെ സർവകലാശാലകളിലെ തന്റെ സഹപ്രവർത്തകരായിരുന്ന അദ്ധ്യാപകരെയാണ് അഭിമുഖത്തിന് വിഷയവിദഗ്ധരായി നിശ്ചയിച്ചത്. നേരിട്ടുള്ള ഇന്റർവ്യൂ അല്ലാത്തതിനാൽ പങ്കെടുത്തത് ആരൊക്കെയാണെന്ന് ഉദ്യോഗാർത്ഥികൾക്ക് അറിയാനായില്ല. ഒരു വിഷയത്തിൽ വ്യത്യസ്ത ബോർഡുകൾ ഇന്റർവ്യു നടത്തുന്നതും ചട്ടവിരുദ്ധമാണ്. പുനർനിയമനത്തിന് ശേഷം ഗോപിനാഥ് രവീന്ദ്രൻ നടത്തിയ എല്ലാ നിയമനങ്ങളും പുന പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാറും സെക്രട്ടറി എം.ഷാജർഖാനും ആവശ്യപ്പെട്ടു.