കോവളം: നവകേരള സദസിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാനൊരുങ്ങി കോവളം മണ്ഡലം. ശനിയാഴ്ച രാവിലെ 11ഓടെ വിഴിഞ്ഞം പെട്രോൾ പമ്പിന് സമീപത്തെ ഗ്രൗണ്ടിൽ 5000 പേർക്ക് ഇരിക്കാനുള്ള കൂറ്റൻ പന്തലാണ് ഒരുക്കിയിരിക്കുന്നത്. മണ്ഡലത്തിലെ 216 ബൂത്തുകളിൽ നിന്നായി 25,000 ലധികം ആളുകൾ നവകേരള സദസിലേക്ക് എത്തിച്ചേരുമെന്നാണ് സംഘാടകർ കണക്കാക്കുന്നത്. വേദിക്ക് പുറത്തായി എൽ.ഇ.ഡി സ്ക്രീൻ ഒരുക്കും. 11 മണിക്കാണ് ചടങ്ങെങ്കിലും രാവിലെ 7 മുതൽ തന്നെ പരാതികൾ സ്വീകരിക്കുന്ന കൗണ്ടറുകൾ പ്രവർത്തിക്കും. പരിപാടി അവസാനിച്ചാലും കൗണ്ടറുകൾ വൈകുന്നേരം വരെ പ്രവർത്തിക്കും. ആകെയുള്ള 20 കൗണ്ടറുകളിൽ ഭിന്നശേഷിക്കാർക്കായി 1 കൗണ്ടറും വയോജനങ്ങൾക്കായി 3 കൗണ്ടറും വനിതകൾക്കായി 2 കൗണ്ടറുമാണ് ഒരുക്കുന്നത്. ജനറൽ വിഭാഗത്തിൽ 8 കൗണ്ടറും ഉണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.