ശിവഗിരി: ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും ശാരദാമഠത്തിനു മുന്നിലുളള മുഖമണ്ഡപത്തിൽ ശാന്തിഹവന യജ്ഞത്തോടെ ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കും. ധ്യാനാചാര്യൻ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, സ്വാമി ദേശികാനന്ദയതി, സ്വാമി വിരജാനന്ദ, സ്വാമി ശിവനാരായണതീർത്ഥ, സ്വാമി സുരേശ്വരാനന്ദ തുടങ്ങിയവർ ഗുരുദേവൻ രചിച്ച ഹോമമന്ത്രം ഉരുവിട്ട് 108 പരികർമ്മികളുടെ പങ്കാളിത്തത്തോടെ ഹോമയജ്ഞം നടത്തും. തുടർന്ന് ധ്യാനവേദിയിൽ ദിവ്യജ്യോതി പ്രതിഷ്ഠയും ദിവ്യജ്യോതി ദർശനവും സമൂഹപ്രാർത്ഥനയും
നടക്കും.
ഗുരുദേവന്റെ തിരുഅവതാരം, ബാല്യകാല വിദ്യാഭ്യാസം, ഉപരിപഠനം എന്നിവയെ ആസ്പദമാക്കി സ്വാമി സച്ചിദാനന്ദ ദിവ്യപ്രബോധനം നടത്തും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ ധ്യാനസന്ദേശം നൽകും. വൈകിട്ട് 4.30ന് സമൂഹപ്രാർത്ഥന,പ്രസാദ വിതരണം എന്നിവയോടെ ഒന്നാം ദിവസ ചടങ്ങുകൾ അവസാനിക്കും. തുടർന്നുളള ദിവസങ്ങളിലും രാവിലെ 9ന് ആരംഭിച്ച് വൈകിട്ട് 5 വരെയാകും ചടങ്ങുകൾ.