rajeev

ആറ്റിങ്ങൽ : നവകേരള സദസ് ബഹിഷ്‌കരിക്കുകയെന്ന അപക്വമായ തീരുമാനമെടുത്ത പ്രതിപക്ഷ നേതാവിന്റെ കസേര സംരക്ഷിക്കാനാണ് തലസ്ഥാനത്തെ സമരമെന്ന് മന്ത്രി പി.രാജീവ്. ആറ്റിങ്ങൽ മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനെടുത്ത ബഹിഷ്‌കരണ തീരുമാനം സ്വന്തം അണികൾക്ക് മനസിലാക്കിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സ്വന്തം മണ്ഡലത്തിലെ നഗരസഭ ഏകകണ്ഠമായി സദസിന് ഫണ്ട് നൽകാൻ തീരുമാനിച്ചു. നഗരസഭാ ചെയർമാന്റെ സ്ഥാനം തെറിപ്പിക്കുമെന്ന് പത്രസമ്മേളനത്തിലൂടെ ഭീഷണിപ്പെടുത്തി. കലാപവും അക്രമവും അഴിച്ചുവിടുന്നത് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം രക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ചാൻസിലറായ ഗവർണർ ശ്രമിക്കുന്നു. താനിക്ക് രാഷ്ട്രപതിയോട് മാത്രമേ ഉത്തരവാദിത്വമുള്ളൂ എന്നാണ് ഗവർണർ പറയുന്നത്. ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ ചാൻസിലറായി എങ്ങനെ പ്രവർത്തിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു.