വെള്ളറട: പുലിഭീതിയിൽ ഉറങ്ങാതെ അമ്പൂരിയിലെ പുരവിമല ആദിവാസി സെറ്റിൽ മെന്റിലെ ജനങ്ങൾ. പുലിയിറങ്ങിയെന്ന വാർത്ത പരന്നതോടെ ഉറക്കമില്ലാതെയായിട്ട് ദിവസങ്ങളായി. ചൊവ്വാഴ്ച ഗ്രാമപഞ്ചായത്ത് അംഗം പുരവിമല മേക്കിൻകര വീട്ടിൽ അജികുമാർ അമ്പൂരി ഫെസ്റ്റുമായി ബന്ധപ്പെട്ട് ആലോചനയോഗം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകുന്നവഴി ശംഖുകോണത്തിനു സമീപം റോഡിലിറങ്ങിയ പുള്ളിപ്പുലി കണ്ടത്. ബൈക്കിന്റെ വെട്ടത്തിൽ പുലിയെ കണ്ടു. ലൈറ്റ് ഡിംആക്കിയപ്പോൾ സമീപത്തെ റബർ തോട്ടത്തിലേക്ക് പുലി ഓടിപോയി. സമീപ വീടുകളിൽ വിവരം അറിയിച്ച ശേഷമാണ് വീട്ടിൽ പോയത്. ഈ പ്രദേശത്ത് പുലിയുടെ അലർച്ച കേൾക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. അടുത്തകാലത്തായി ഈ പ്രദേശങ്ങളിൽ നിന്നും വളർത്തുനായ്ക്കളെ കാണാതാകുന്നതും പതിവാണ്. ഗ്രാമപഞ്ചായത്ത് അധികൃതർ പരുത്തിപള്ളി വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഇതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ശക്തമായ നിരീക്ഷണം നടത്തിവരുകയുമാണ്.