
വെഞ്ഞാറമൂട്: കരുതൽ തടങ്കലിലാക്കിയ പ്രവർത്തകരെ മോചിപ്പിക്കാനെത്തിയ കോൺഗ്രസ് നേതാക്കൾക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനം. നവ കേരളസദസ് വെഞ്ഞാറമൂട് എത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് യൂസഫ് ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു എസ് നായർ, മുൻ പ്രസിഡന്റ് ജി.പുരുഷോത്തമൻ നായർ എന്നിവർ ഉൾപ്പെടെ എട്ടോളം പേരെ വെഞ്ഞാറമൂട് പൊലീസ് കരുതൽ തടങ്കലിൽ ആക്കി.കരുതൽ തടങ്കലിൽ എടുത്തവരെ വിട്ടു കിട്ടുന്നതിനായി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളി തുടരുന്നതിനിടയിൽ ഡി.വൈ.എഫ് .വൈ പ്രവർത്തകർ സ്റ്റേഷൻ വളപ്പിൽ കയറി കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചു.മർദ്ദനത്തിൽ വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ് നെല്ലനാട് ഹരിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മണിക്കൂറുകളോളം സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നു.സംഭവം അറിഞ്ഞതോടുകൂടി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വെഞ്ഞാറമൂട് സ്റ്റേഷനിൽ എത്തി.ആനാട് ജയൻ,ഷാനവാസ് ആനക്കുഴി,അഡ്വ.സുധീർ തുടങ്ങിയ നേതാക്കൾ സ്ഥലത്ത് എത്തിയിരുന്നു. നവകേരള യാത്രയുടെ ഭാഗമായി വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ വെഞ്ഞാറമൂട്ടിൽ എത്താനിരിക്കെയാണ് സംഘർഷം ഉണ്ടായത്.മുഖ്യമന്ത്രിക്ക് നേരെ വലിയ കട്ടയ്ക്കാലിൽ കരിങ്കൊടി കാണിക്കാൻ എത്തിയ മഹിളാ കോൺഗ്രസ് നേതാക്കളും മഹിളാ അസോസിയേഷൻ നേതാക്കളും തമ്മിൽ നേരിയ സംഘർഷമുണ്ടായി. രമണി പി. നായർ ഉൾപ്പെടെയുള്ള മഹിളാ കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു .