
വെഞ്ഞാറമൂട്: അക്ഷരാർത്ഥത്തിൽ ജനസാഗരം,അതായിരുന്നു വെഞ്ഞാറമൂട് ഇന്നലെ സാക്ഷ്യം വഹിച്ചത്. ജനസഞ്ചയം മാണിക്കോട് മഹാദേവന്റെ മണ്ണിൽ ഒരു കടലായി തീർന്നു. ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡല പര്യടനങ്ങൾ പൂർത്തിയാക്കിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സംഘത്തിന് മുന്നിൽ കിഴക്കൻ മലയോരം വാതിൽ തുറന്നിട്ടു. വൈകിട്ട് 4.30ന് ജില്ലയിലെ സാംസ്കാരിക മണ്ണായ വെഞ്ഞാറമൂട്ടിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും മലയോര മണ്ണിലെത്തി. കേരളീയ കലാരൂപങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നവകേരള വാഹനം വേദിക്കരികിലേക്ക് എത്തുമ്പോൾ റോഡിന് ഇരുവശവും കാത്തുനിന്ന ജനങ്ങളെയെല്ലാം ബസിന്റെ മുൻ സീറ്റിലിരുന്ന് കൈവീശി അഭിവാദ്യമർപ്പിച്ചാണ് മുഖ്യമന്ത്രി കടന്നുവന്നത്. വയ്യേറ്റ് മാണിക്കോട് ക്ഷേത്രത്തിന് സമീപത്തെ മൈതാനത്ത് കാത്തിരുന്ന ജനസഹസ്രങ്ങളുടെ നടുവിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും സംഘവുമെത്തിയപ്പോൾ സമാനതകളില്ലാത്ത ആവേശ ആരവങ്ങളുടെ മുഴക്കത്തോടെ ജനം വരവേറ്റു. അകമ്പടിയായി വെടിക്കെട്ടും ദൃശ്യ വിസ്മയവും. ഉച്ചയ്ക്ക് രണ്ട് മുതലേ പരിപാടികൾ കാണാനും നിവേദനങ്ങൾ സമർപ്പിക്കാനും ആളുകൾ എത്തിയിരുന്നു. ഇവരെ നിയന്ത്രിക്കാനും നിർദ്ദേശങ്ങൾ നൽകാനും ഡി.കെ.മുരളി എം.എൽ.എ ഓടി നടക്കുന്നുണ്ടായിരുന്നു. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും നിവേദനം സമർപ്പിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ഉൾപ്പെടെ 20 കൗണ്ടറുകളാണ് പ്രവർത്തിച്ചിരുന്നത്. ജനാവലിക്ക് വേണ്ട കുടിവെള്ളം, ഇ ടോയ്‌ലറ്റ്,ഗതാഗത സൗകര്യം, പാർക്കിംഗ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സംഘാടക സമിതി സജ്ജമാക്കിയിരുന്നു. പ്രാദേശിക കലാകാരന്മാരായ അവനി, സന്തോഷ് ബാബു എന്നിവരുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. നേരത്തെ മന്ത്രിമാരായ വീണാ ജോർജ്,അഹമ്മദ് ദേവർ കോവിൽ,കെ.രാധാകൃഷ്ണൻ എന്നിവരെത്തി സമ്മേളനം ആരംഭിച്ചു. മന്ത്രി കെ.രാധാകൃഷ്ണൻ പ്രസംഗിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ബസെത്തി. ഡി.കെ.മുരളി എം.എൽ.എയുടെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം മുഖ്യ മന്ത്രി പിണറായി വിജയൻ സദസിനെ അഭിവാദ്യം ചെയ്തു. സദസാകെ കൂട്ട കൈയടിയോടെയാണ് മുഖ്യമന്ത്രിയുടെ ഓരോവാക്കുകളും സ്വീകരിച്ചത്. വൈകിട്ട് 6ഓടെ വാമനപുരം മണ്ഡലത്തിലെ നവകേരള സദസ് അവസാനിച്ച് അടുത്ത സദസായ നെടുമങ്ങാട്ടേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയായി.
താരമായി നവകേരള ബസും
മുഖ്യമന്ത്രിയേയും മന്ത്രിമാരെയും കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനും തിക്കിത്തിരക്കിയത് പോലായിരുന്നു നവകേരള ബസിനെ തൊട്ടു നോക്കാനും സെൽഫിയെടുക്കാനും ആളുകൾ തടിച്ച് കൂടിയത്. ഇത് പൊലീസിനെ ബുദ്ധിമുട്ടിലുമാക്കി.