v

മണി വിശ്വനാഥ് ചെയർപേഴ്സൺ

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ തടഞ്ഞുവച്ച ഫലം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചപ്പോൾ ഒൻപത് സീറ്റിൽ വിജയിച്ച് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തു. യു.ഡി.എഫിന് 5 സീറ്റ് ലഭിച്ചു. ആകെ പതിനാല് സീറ്റാണുള്ളത്. മേഖല യൂണിയൻ ചെയർപേഴ്സണായി മണി വിശ്വനാഥ് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. യു.ഡി.എഫ് അംഗങ്ങൾ വിട്ടു നിന്നു. റിട്ടേണിംഗ് ഓഫീസറായ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇതോടെ മലബാർ, തിരുവനന്തപുരം യൂണിയനുകളിൽ ഇടതു ഭരണം ഉറപ്പിച്ചു. എറണാകുളം മേഖല മാത്രമാണ് നിലവിൽ യു.ഡി.എഫിനുള്ളത്. 35 വർഷത്തെ മിൽമയുടെ ചരിത്രത്തിൽ ആദ്യമായാണ് എൽ.ഡി.എഫിന് തിരു.യൂണിയന്റ ഭരണം ലഭിക്കുന്നത്. മിൽമ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് വനിത എത്തുന്നതും ആദ്യം. തുല്യവോട്ട് ലഭിച്ചതിനെ ഫലം പ്രഖ്യാപിക്കാതെ മാറ്റിവച്ച സീറ്റിൽ റീകൗണ്ടിംഗ് നടത്തിയപ്പോൾ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിലെ വി.എസ്. പത്മകുമാർ വിജയിച്ചു. മണി വിശ്വനാഥ്,കെ.ആർ. മോഹനൻപിള്ള, മുണ്ടപ്പള്ളി തോമസ്, പി.ജി.വാസുദേവൻ ഉണ്ണി, ഡബ്ല്യു.ആർ.അജിത് സിങ്, എൻ.ഭാസുരാംഗൻ, കെ.കൃഷ്ണൻ പോറ്റി, പി.വി.ബീന ,വി.എസ്. പത്മകുമാർ എന്നിവരാണ് എൽ.ഡി.എഫ് അംഗങ്ങൾ. ആയാപറമ്പ് രാമചന്ദ്രൻ, ടി.കെ. പ്രതുലചന്ദ്രൻ, ജെ.മെഹർ, ടി.ഗോപാലകൃഷ്ണപിള്ള, കൃഷ്ണൻകുട്ടി എന്നിവരാണ് യു.ഡി.എഫിൽ നിന്നും വിജയിച്ചത്.

ഒന്നരവർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം അനുമതി നൽകിയതിനെ തുടർന്നാണ് വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചത്. ആലപ്പുഴ പത്തിയൂർക്കാല ക്ഷീര സഹകരണ സംഘം പ്രസിഡന്റായ മണി വിശ്വനാഥ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമാണ്. കൃഷി, പഞ്ചായത്ത് വകുപ്പുകളിൽ 18 വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്.

മിൽമ മേഖല യൂണിയൻ തിരഞ്ഞെടുപ്പിൽ ഹൈക്കോടതി യുടെ നിർദ്ദേശപ്രകാരം സ്ഥാനാർത്ഥികൾക്ക്‌ കിട്ടിയ വോട്ടുകൾ മൂന്ന് ബാലറ്റ് പെട്ടികളിലാണ് സൂക്ഷിച്ചിരുന്നതെന്നും, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൈവശം സൂക്ഷിച്ചിരുന്ന ബാലറ്റ് പെട്ടികളിലെ വോട്ടുകൾ ഒരു പെട്ടിയിലേക്ക് മാറ്റി റീകൗണ്ടിംഗിലൂടെ ഇടതുപക്ഷ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും മുൻ ചെയർമാൻ കല്ലട രമേശ് ആരോപിച്ചു.