ആറ്റിങ്ങൽ: ഏഴര വർഷത്തിനുള്ളിൽ സംസ്ഥാനം മൊത്ത ആഭ്യന്തര വളർച്ചയിലും ഉത്പാദനത്തിലും പ്രതിശീർഷ വരുമാനത്തിലും മികച്ച വളർച്ച നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 2016 നെ അപേക്ഷിച്ച് എട്ടു ശതമാനം ആഭ്യന്തര വളർച്ചയും വരുമാനത്തിൽ 41% വർദ്ധനയും കൈവരിച്ചു. ആഭ്യന്തര ഉത്പാദനം അഞ്ചു ലക്ഷം കോടിയിൽ നിന്ന് 10 ലക്ഷം കോടി കവിഞ്ഞു. പ്രതിശീർഷ വരുമാനം 1,48,000 രൂപയിൽ നിന്ന് 2,48,000 രൂപയായി വർദ്ധിച്ചു.
മാമം മൈതാനത്ത് ആറ്റിങ്ങൽ മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇത്രയേറെ മുന്നേറിയ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാകാൻ പാടില്ലാത്തതാണ്. എന്നാൽ കേന്ദ്രം അർഹമായ വിഹിതം നൽകാത്തതിനാൽ കാലാനുസൃത വികസനം പറ്റുന്നില്ല. ഏഴു വർഷത്തിനുള്ളിൽ കേന്ദ്ര വിഹിതത്തിൽ1,07,500 കോടിയിൽ പരം രൂപയാണ് കുറഞ്ഞത്. വികസനത്തിന് വായ്പ എടുക്കുന്നതിലും ഭരണഘടനാ വിരുദ്ധമായി കേന്ദ്രം ഇടപെടുന്നു. കടമെടുപ്പു പരിധി വെട്ടിക്കുറച്ച് വികസനത്തിന് ഫണ്ട് കടമായി സ്വീകരിക്കുന്നതും തടസപ്പെടുത്തുന്നു.
സംസ്ഥാനത്തെ അറുപത്തിനാലു ലക്ഷത്തോളം പേർക്ക് 1,600 രൂപ വീതം സാമൂഹിക ക്ഷേമ പെൻഷൻ നൽകണമോ എന്ന ചോദ്യം ഉയരുന്നുണ്ട്. സമ്പന്നരെ അതിസമ്പന്നരാക്കാനും ദരിദ്രരെ അതി ദരിദ്രരാക്കാനുമുള്ള സമീപനം തുടരുമ്പോൾ സംസ്ഥാന സർക്കാരിന് ആരേയും ഒഴിവാക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, ആന്റണി രാജു, പി.രാജീവ് എന്നിവർ പ്രസംഗിച്ചു. വി.ജോയി എം.എൽ.എ, കളക്ടർ ജെറോമിക്ക് ജോർജ്ജ് , ഡെപ്യൂട്ടി കളക്ടർ ചെറുപുഷ്പ ജ്യോതി.ജെ, തഹസിൽദാർ പി. വേണു, തദ്ദേശ ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.