vds

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ അക്രമത്തിൽ പൊലീസ് ഒന്നാംപ്രതിയാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഉടൻ അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനം. പൊലീസിനെ ആക്രമിക്കൽ, കലാപത്തിന് നേതൃത്വം നൽകൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. എം.വിൻസെന്റ് എം.എൽ.എയും പ്രതിയാണ്. ഏഴു വർഷത്തിനു താഴെ ശിക്ഷയുള്ള വകുപ്പുകളിലുള്ള കേസുകളിൽ അറസ്റ്റ് നിർബന്ധമല്ലെന്ന് കന്റോൺമെന്റ് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഉടൻ വേണ്ടെന്നാണ് രാഷ്ട്രീയ തീരുമാനവും. സതീശനെയും വിൻസെന്റിനെയും അറസ്റ്റ് ചെയ്യണമെങ്കിൽ സ്പീക്കറുടെ അനുമതിയും ആവശ്യമാണ്. കണ്ടാലറിയുന്ന 300 പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവച്ചാലേ റിമാൻ‌ഡിലായവർക്ക് ജാമ്യം കിട്ടൂ.