arrest

കാട്ടക്കട: യുവതിയുടെ ചിത്രം അശ്ലീല വെബ്‌സൈറ്റിലിട്ട സംഭവത്തിൽ പ്രതി പൂവച്ചൽ ആലമുക്ക് ലൈലാ മൻസിലിൽ ഫയാസ് (39) അറസ്റ്റിൽ.പരാതി നൽകിയ യുവതിയെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലാണ് പ്രതിയെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.ഇക്കഴിഞ്ഞ ജനുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം.

യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റിൽ അപ്പ്‌ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളിൽ നിന്നും മെസേജുകൾ വന്നു. യുവതി വിദേശത്തുള്ള ഭർത്താവിനെ വിവരമറിയിക്കുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ ഫോട്ടോ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്തു.

ജനുവരി 31ന് സൈബർ പൊലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നൽകി. സംശയമുള്ള ആളിന്റെ പേരും ഫോൺ നമ്പരുമടക്കമാണ് പരാതി നൽകിയത്.യുവതിയുടെ സുഹൃത്തിന്റെ മകളുടെ വിവാഹവേളയിലെടുത്ത എട്ട് പേരടങ്ങുന്ന ഫോട്ടോയിൽ നിന്നാണ് ചിത്രം ക്രോപ്പ് ചെയ്ത് ദുരുപയോഗം ചെയ്തത്. ഈ എട്ടുപേരും ഒരുമിച്ചുകൂടി സംസാരിക്കുകയും അവിടെവച്ച് പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.എന്നാൽ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരയായ യുവതിയെ ഫയാസ് ആക്രമിക്കുകയായിരുന്നു. ഈ സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നു.ഇതിലാണ് ഫയാസിനെ അറസ്റ്റ് ചെയ്തത്.


അശ്ലീല സൈറ്റിൽ ഫോട്ടോ അപ്‌ലോഡ് ചെയ്ത കേസിൽ ഫോറൻസിക് റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ഉപാധികളോടെ ജാമ്യം നൽകി.