
കോവളം : കൊച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ജ്യൂസ് നൽകി പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. ആശുപത്രി ജീവനക്കാരിയായ പാലക്കാട് മണ്ണാർക്കാട് സ്വദേശി സൂര്യ(33), സൂര്യയുടെ സുഹൃത്ത് മലപ്പുറം പൊന്നാനി സ്വദേശി ശരത്(28) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റു ചെയ്തത്. ശരത് കോവളത്തെ സ്വകാര്യ ആയുർവേദ ഹോസ്പിറ്റലിലെ തെറാപ്പിസ്റ്റ് ആണ്. കഴിഞ്ഞ 17 ന് പദ്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കാമെന്നു പറഞ്ഞാണ് സൂര്യ 23കാരിയായ യുവതിയെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. സുഹൃത്തിനെ കണ്ട ശേഷം ക്ഷേത്രത്തിൽ പോകാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റി കോവളം സീറോക്ക് ബീച്ചിലെ പഞ്ചകർമ്മ ചികിത്സാലയത്തിൽ എത്തിച്ചു. സൂര്യ യുവതിക്ക് ജ്യൂസ് നൽകി മയക്കുകയും ബലമായി മദ്യം കുടിപ്പിക്കുകയും ചെയ്തു. ശേഷം സുഹൃത്തായ ശരത്തിനെ വിളിച്ചുവരുത്തി. 17ന് രാത്രിയും 18ന് രാവിലെയും ശരത്ത് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധം തെളിഞ്ഞതോടെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി വിവരം ബന്ധുക്കളെ അറിയിച്ചു. സൂര്യയെ കൊച്ചിയിൽ നിന്ന് ഇടത്തല പൊലീസ് കസ്റ്റഡിയിലെടുക്കുകയും കോവളം പൊലീസിന് കൈമാറുകയും ചെയ്തു. ഇന്നലെ രാവിലെ ഫോറൻസിക് വിഭാഗം ഉൾപ്പെടെയുള്ള പൊലീസ് സംഘം റിസോർട്ടിൽ എത്തി തെളിവെടുപ്പ് നടത്തി. അറസ്റ്റു ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡി.സി.പി നിഥിൻ രാജ് അന്വേഷണം ഏകോപ്പിപ്പിച്ചു. ഫോർട്ട് കമ്മീഷണർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളം എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ അനീഷ് കുമാർ,എസ്.ഐ.മുനീർ എസ്.ഐ അനിൽകുമാർ ,സി.പി.ഒ മാരായ ശ്യാം, സെൽവദാസ്, ബിജു, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ വിനീത,ഷിബി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.