
തിരുവനന്തപുരം: കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ പി. സുരേഷ് ബാബുവിന് 2022ലെ കേരള ശാസ്ത്രസാഹിത്യപരിസ്ഥിതി കൗൺസിൽ പുരസ്കാരം. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരിയിൽ കാസർകോട്ട് ശാസ്ത്രകോൺഗ്രസിൽ നൽകും.
ഡോ. താണുപദ്മനാഭനും ഭാര്യ ഡോ. വസന്തി പദ്മനാഭനും ചേർന്ന് രചിച്ച 'ദ ഡൗൺ ഒഫ് സയൻസ്" എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ 'ശാസ്ത്രത്തിന്റെ ഉദയം"എന്ന കൃതിയാണ് അവാർഡിന് അർഹനാക്കിയത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്.
കൊല്ലം ഇടയ്ക്കാട്ട് റിട്ട. ഹെഡ്മാസ്റ്റർ പരേതനായ സി.ഒ. പുരുഷോത്തമന്റേയും റിട്ട. ഹെഡ്മിസ്ട്രസ് പി.കെ. തങ്കമ്മയുടേയും മകനാണ് സുരേഷ് ബാബു. 1986ൽ കേരളകൗമുദിയിൽ ചേർന്നു. തിരുവനന്തപുരത്ത് വെള്ളായണിയിൽ താമസം. വെള്ളായണി കാർഷിക കോളേജിലെ ബയോടെക്നോളജി വകുപ്പ് മേധാവി പ്രൊഫ. ഡോ. കെ.ബി. സോണിയാണ് ഭാര്യ.
ഇർഫാൻ ഹബീബിന്റെ പുസ്തകത്തിന്റെ വിവർത്തനമായ മൗര്യാനന്തര ഭാരതം, പി. ചന്ദ്രമോഹന്റെ പുസ്തകത്തിന്റെ വിവർത്തനമായ കേരളത്തിലെ വികസനോന്മുഖ ആധുനികത: നാരായണ ഗുരുവും എസ്.എൻ.ഡി.പി യോഗവും സാമൂഹ്യപരിഷ്‌കാരവും എന്നിവയാണ് സുരേഷ് ബാബുവിന്റെ മറ്റ് കൃതികൾ.