photo

നെടുമങ്ങാട് : 'ഗുണ്ടാ മുഖ്യമന്ത്രി ഗോ ബാക്ക്" എന്ന മുദ്രാവാക്യവുമായി നെടുമങ്ങാട്ടെ നവകേരള സദസ് വേദിയിലേക്ക് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധ മാർച്ച് നടത്താനുള്ള കോൺഗ്രസ് പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.അർജുനന്റെ നേതൃത്വത്തിൽ കല്ലിംഗൽ റോഡിൽ നിന്നാരംഭിച്ച പ്രകടനം പാളയത്ത് വച്ച്‌ തടയുകയായിരുന്നു.വനിതകൾ ഉൾപ്പടെ 250 -ഓളം പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് ഒന്നര മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ വച്ചു. സ്റ്റേഷനിൽ വച്ച്, മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ പ്രവർത്തകർ കരിങ്കൊടി വീശിയതിനെ തുടർന്ന് പൊലീസുമായി ഉന്തും തള്ളുമുണ്ടായി. കൈയേറ്റത്തിൽ നഗരസഭ കൗൺസിലർ പുങ്കുംമൂട് അജി ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു.ഇവരെ പിന്നീട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം.മുനീർ, കല്ലയം സുകു,എൻ.ബാജി, എസ്.അരുൺകുമാർ,വട്ടപ്പാറ ചന്ദ്രൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ മഹേഷ് ചന്ദ്രൻ, കരിപ്പുര് ഷിബു, കരകുളം വിജയരാജ്, വട്ടപ്പാറ ഓമന, ചെല്ലാംകോട് ജ്യോതിഷ് കുമാർ, താഹിറ ബീവി, എൻ.ഫാത്തിമ തുടങ്ങിയവർ അറസ്റ്റ് വരിച്ചു.മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയ ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.