തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വെറും ഡയലോഗ് സതീശൻ ആയി മാറിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിക്കലും തെറിവിളിക്കലും ആണ് ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ പ്രധാന ജോലി. കഴിഞ്ഞ രണ്ടര വർഷമായി അദ്ദേഹം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എൽ.ഡി.എഫ് നേതാക്കളെയും തെറി വിളിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യപരമായ മര്യാദകൾ പാലിക്കാതെ വെറും ഡയലോഗ് സതീശനായി വി.ഡി. സതീശൻ മാറിയെന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ തന്നെ ശക്തമാണെന്നും മന്ത്രി റിയാസ് ആറ്റിങ്ങലിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എല്ലാ മര്യാദയും ലംഘിക്കുന്ന പ്രവർത്തനങ്ങൾ ആണ് കാണുന്നത്.ആണി അടിച്ച പട്ടിക ഉൾപ്പെടെ മാരകായുധങ്ങളുമായി സെക്രട്ടേറിയറ്റിന്റെ മുമ്പിൽ സമരം നടത്തുന്നു. പൊലീസ് അറസ്റ്റ് ചെയ്യുന്ന ക്രിമിനലുകളെയും ക്വട്ടേഷൻ സംഘങ്ങളെയും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഇറക്കി, അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിൽ കൊണ്ടുപോകുന്നു.
നവകേരള സദസ്സ് തിരുവനന്തപുരത്ത് എത്തിയപ്പോൾ നടത്തിയ അക്രമ സമരങ്ങൾ ബോധപൂർവമാണ്. നവകേരള സദസിന്റെ ശോഭ കെടുത്തുകയും അതിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുകയും ആണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.