നെടുമങ്ങാട് : മൂന്നുവട്ടം കോൺഗ്രസ് കൗൺസിലറും ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയുമായിരുന്ന എം.എസ് ബിനു,പാർട്ടി വിപ്പ് ലംഘിച്ച് നവകേരള സദസിൽ മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടത് കോൺഗ്രസ് പ്രവർത്തകരെ ഞെട്ടിച്ചു. ഇന്നലെ രാവിലെ ആറ്റിങ്ങലിൽ നടന്ന പൗര പ്രമുഖരുടെ കൂടിക്കാഴ്ചയിലും വൈകിട്ട് നെടുമങ്ങാട് നവകേരള സദസ് വേദിയിലും ബിനു മന്ത്രിമാർക്കും എൽ.ഡി.എഫ് നേതാക്കൾക്കുമൊപ്പം പങ്കെടുത്തിരുന്നു.അദ്ധ്യക്ഷൻ മന്ത്രി ജി.ആർ.അനിലും ആമുഖപ്രഭാഷണം നടത്തിയ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,കെ.രാജൻ എന്നിവരും എം.എസ്.ബിനുവിനെ പ്രശംസിക്കുകയും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്ന കോൺഗ്രസ് നിലപാടിനെ അപഹസിക്കുകയും ചെയ്തു.മുഖ്യമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ചയിൽ വഴയില -നെടുമങ്ങാട് നാലുവരിപ്പാത അടിയന്തരമായി നടപ്പിലാക്കണമെന്നാണ് ബിനു ആവശ്യപ്പെട്ടത്.നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ,ബിനുവിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി.നഗരസഭയിലെ പേരയത്തുകോണം വാർഡ് കൗൺസിലറാണ് ഇപ്പോൾ ബിനു. നേരത്തെ രണ്ടുതവണ ടവർ വാർഡിനെ പ്രതിനിധീകരിച്ചിരുന്നു. നിലപാട് മാറ്റത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും താൻ കോൺഗ്രസുകാരനായി തുടരുമെന്നാണ് ബിനുവിന്റെ പക്ഷം.